ലൗ ജിഹാദ് ആരോപണം; സംരക്ഷണം തേടി കേരളത്തിലെത്തിയ ദമ്പതികള്‍ നല്‍കിയ ഹർജി ഇന്ന് പരിഗണിക്കും


ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികളുടെ റിട്ട് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആശാ വര്‍മ്മയുടെയും മുഹമ്മദ് ഗാലിബിന്റെയും റിട്ട് ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുക. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി. മുഹമ്മദ് ഗാലിബിനായി അറസ്റ്റ് വാറന്റുമായി ജാര്‍ഖണ്ഡ് രാജ്‌റപ്പ പൊലീസ് കായംകുളത്തുണ്ട്. തട്ടികൊണ്ടുപോകല്‍ കേസും ജാര്‍ഖണ്ഡ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും പ്രായപൂര്‍ത്തിയായവരും വിവാഹിതരുമാണെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. എന്നാല്‍ നിയമതടസം അറിയിച്ചിട്ടും മടങ്ങി പോകാതെയിരിക്കുകയാണ് രാജ്‌റപ്പ പൊലീസ്. ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. സ്‌നേഹിച്ചു വിവാഹം കഴിച്ചവര്‍ക്ക് മതം വിലങ്ങു തടി ആകില്ലെന്നും ആശാവര്‍മ്മയ്ക്കും മുഹമ്മദ് ഗാലിബിനും പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവല്‍ പറഞ്ഞത്. ലൗ ജിഹാദ് ആരോപണത്തെ തുടര്‍ന്നാണ് ഇരുവരും ജാര്‍ഖണ്ഡില്‍ നിന്നും കായംകുളത്തെത്തിയത്. ഫെബ്രുവരി 9നാണ് ഇരുവരും കേരളത്തില്‍ എത്തിയത്. ഫെബ്രുവരി 11 ഓടെ ഇരുവരും വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ തങ്ങള്‍ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികള്‍ അറിയിച്ചിരുന്നു. ഗള്‍ഫില്‍ ആയിരുന്ന ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്ത് മുഖേനയാണ് കേരളത്തില്‍ എത്തിയത്.


Post a Comment

Previous Post Next Post

AD01

 


AD02