ആറളത്ത് തീപിടിത്തം; ഫയർഫോഴ്സിനെ പ്രവേശിപ്പിക്കാതെ നാട്ടുകാർ; സ്ഥലത്തെത്തിയ എംവി ജയരാജനെയും തടഞ്ഞു; വൻ പ്രതിഷേധം


കണ്ണൂർ: ആറളം ഫാമിലെ വനാതിർത്തിയിൽ തീപിടിത്തം. തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും നാട്ടുകാർ പ്രവേശിപ്പിച്ചില്ല. റോഡിൽ കല്ലും തടിയും വച്ചാണ് ഗതാഗതം തടഞ്ഞത്. വന്യജീവി ആക്രമണം പലതവണ സംഭവിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നടപടി. ഫാമിനോട് ചേർന്നുള്ള വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. കഴിഞ്ഞദിവസം വൈകിട്ട് കാട്ടാനയാക്രമണത്തിൽ വനവാസി ദമ്പതികൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആറളത്ത് പ്രതിഷേധം കനക്കുന്നത്. ദമ്പതികളെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട വെള്ളിയുടേയും ലീലയുടേയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് സ്ഥലത്തേക്ക് എത്തിക്കുന്ന സമയത്ത് നാട്ടുകാർ അതീവ രോഷാകുലരായാണ് പെരുമാറിയത്. വനംവകുപ്പ് മന്ത്രിയടക്കമുള്ളവർ ഇവിടെയെത്തി നേരിട്ട് ചർച്ച നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജനെ നാട്ടുകാർ തടഞ്ഞു. മൃതദേഹം എത്തിച്ച ആംബുലൻസും നാട്ടുകാർ തടഞ്ഞു. ആരെയും അകത്തേക്ക് കയറ്റിവിടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പ്രതിഷേധിക്കുന്ന നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയാണ്. ഇതിനിടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നാട്ടുകാർ.



Post a Comment

Previous Post Next Post

AD01

 


AD02