മകനെ സ്കൂളിൽ കൊണ്ടുവിടാനെത്തിയ യുവതിയെ കുത്തിക്കൊന്ന് ഭർത്താവ്. കർണാടക ബെംഗളൂരിലെ ഹെബ്ബഗോഡിയില്‍ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. ഇരുവരും കഴിഞ്ഞ എട്ട് മാസമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കര്‍ണാടകയിലെ തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹന്‍ രാജുവിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിരിഞ്ഞുതാമസിക്കുകയായിരുന്നെങ്കിലും രാജു ശ്രീഗംഗയുമായി വഴക്കിടുക പതിവായിരുന്നു. കൊലപാതകത്തിൻ്റെ തലേദിവസവും ഇയാൾ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. മകനെ കാണണമെന്ന് പറഞ്ഞ് എത്തിയെങ്കിലും ശ്രീഗംഗ സമ്മതിക്കാത്തതിനെ തുടർന്നാണ് വഴക്കുണ്ടായത്. ദിവസങ്ങൾക്ക് മുമ്പ് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ശ്രീഗംഗ പൊലീസിൽ പരാതിപ്പെടുകയും ഇയാൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഭാര്യയെ കുറിച്ച് ഇയാൾക്ക് സംശയങ്ങളുണ്ടായിരുന്നു.
മകൻ സ്കൂൾ വളപ്പിലേക്ക് പ്രവേശിച്ചയുടനെയാണ് മോഹൻരാജു കത്തിയുമായി ചാടീവീണ് ശ്രീഗംഗയെ കുത്തിവീഴ്ത്തിയത്. പല തവണ കുത്തുകയായിരുന്നു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്രീഗംഗയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Post a Comment