കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ സമരം കടുപ്പിച്ച് എസ്എഫ്‌ഐ. പ്രവര്‍ത്തകര്‍ വിസിയുടെ മുറി ഉപരോധിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂണിവേഴ്‌സിറ്റിയില്‍ തുടരുന്ന അനിശ്ചിത കാല സമരം 11 ദിവസം കടന്നു.കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമല്ലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസമായിട്ടും സര്‍വകലാശാല യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വൈസ് ചാന്‍സിലറുടെ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം. ഇതിന്റെ തുടര്‍ച്ചയായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറിന്റെ മുറി ഉപരോധിച്ചത്. വൈസ് ചാന്‍സലറിനെതിരെ പോസ്റ്ററും പതിച്ചു.സമരം ചെയ്ത എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, പ്രസിഡന്റ് അടക്കമുള്ളവരെ പോലീസ് അറസ്റ്റുചെയ്തു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ വിസിയുടെ നിലപാട് കാരണം മുടങ്ങി കിടക്കുകയാണ്.ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് എസ്എഫ്‌ഐ തീരുമാനം. യൂണിവേഴ്‌സിറ്റിക്ക് അകത്ത് സര്‍ഗാത്മകതയുടെ രാഷ്ട്രീയം പറയുന്ന എസ്എഫ്‌ഐയുടെ അനിശ്ചിത കാല സമരം 11-ാം ദിവസവും തുടരുകയാണ്.
WE ONE KERALA -NM
Post a Comment