പഴയങ്ങാടി പുതിയ റെയിൽവേ അടിപ്പാത: ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കും


പഴയങ്ങാടി പുതിയ റെയിൽവേ അടിപ്പത ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ റെയിൽവേ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നിർദിഷ്ട അടിപ്പാത നിർമ്മിക്കുന്ന സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ സെപ്റ്റംബർ മാസത്തോടെ പൂർത്തീകരിച്ച് ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കും. തുടങ്ങി ആറ് മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു. ആറ് കോടി രൂപയാണ് പഴയങ്ങാടി റെയിൽവേ അടിപ്പാത നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രോയിംഗ്, വിശദമായ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ 8.30 ലക്ഷം രൂപ റെയിൽവേയ്ക്ക് സെന്റേജ് ചാർജായി നേരത്തെ അടച്ചിരുന്നു. റെയിൽവേയും സംസ്ഥാന സർക്കാറും സംയുക്ത നടപടികളിലായിരുന്നു. പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംപ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമ്മാണവും, അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ, നിലവിലുള്ള റോഡ് അറ്റകുറ്റപണി എന്നിവ ഉൾപ്പടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. അടിപാതയുടെ ഭാഗമായി ആവശ്യമുളള അപ്രോച്ച് റോഡിന് ആവശ്യമുളള സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ എം എൽ എ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. നിലവിലുള്ള അടിപ്പാതക്ക് സമീപത്താണ് പുതിയ അടിപ്പാത നിർമ്മിക്കുന്നത്. ആറ് മീറ്റർ വീതിയുണ്ടാകും.  അടിപ്പാത പൂർത്തിയായൽ വൺവേ സംവിധാനം ഏർപ്പെടുത്തും. സംയുക്ത പരിശോധനയുടെ ഭാഗമായുള്ള വിശദമായ റിപ്പോർട്ട് പാലക്കാട് റെയിൽവേ ഡിവിഷനിലേക്ക് അടുത്ത ദിവസം സമർപ്പിക്കും. സാങ്കേതികപരമായി മഴക്കാലത്ത് പ്രവൃത്തി ആരംഭിക്കാൻ സാധിക്കില്ല. എന്നാൽ അതിന് മുൻപ് തന്നെ തുടർനടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് മഴക്കാലത്തിന് ശേഷം ഒക്ടോബറിൽ പ്രവൃത്തി ആരംഭിക്കുന്നതിനാണ് തീരുമാനമായത്.

ഗതാഗതക്കുരുക്ക് നേരിടുന്ന അടിപാതക്ക് വീതി കൂട്ടണം എന്നത് കഴിഞ്ഞ 25 വർഷക്കാലമായി പഴയങ്ങാടി ജനതയുടെ പ്രധാന ആവശ്യമാണ്. അത് യാഥാർത്ഥ്യമാവുകയാണ്. ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത  വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും എം എൽ എ അറിയിച്ചു. എം എൽ എ യോടൊപ്പം സതേൺ റെയിൽവേ വർക്‌സ് അസിസ്റ്റന്റ് ഡിവിഷൻ എഞ്ചിനിയർ സുജീന്ദ്രൻ കെ എം, സീനിയർ സെക്ഷൻ എഞ്ചിനിയർ ഹബീബ് റഹ്‌മാൻ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജഗദീഷ് എം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ റാം കിഷോർ പി, അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീരാഗ് കെ തുടങ്ങിയവരും ഉണ്ടായിരുന്നു.



Post a Comment

Previous Post Next Post

AD01

 


AD02