രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന 357 ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം




ഓഫ്ഷോർ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. ഇത്തരം ഗെയിമിങ് പ്ലാറ്റ്ഫോമുകൾ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി അടയ്ക്കാത്തതും കൃത്യമായി രജിസ്റ്റർ ചെയ്യാത്തതുമായ ഏകദേശം 700 ഓഫ്ഷോർ ഗെയിമിങ് കമ്പനികളാണ് ജി. എസ്. ടി ഡയറക്‌ടറേറ്റ് ജനറലിന്റെ (ഡി.ജി. ജി. ഐ) നിരീക്ഷണത്തിലുള്ളത്. അനധികൃത പണം കൈമാറാനുപയോഗിക്കുന്ന മ്യൂൾ ബാങ്കിങ് വഴിയാണ് ഗെയിമിങ് കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ 166 മ്യൂൾ അക്കൗണ്ടുകളാണ് ഡി.ജി. ജി. ഐ കണ്ടെത്തിയത് മറ്റു രണ്ട് വ്യത്യസ്‌ത കേസുകളിൽ 2400 ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും 126 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു‌. ഇന്ത്യയ്ക്കു പുറത്തുനിന്ന് മണി ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്ക് പണം നൽകുന്ന ആളുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സദ്ഗുരു, മഹാകാൽ, അഭി247 എന്നിങ്ങനെ നിരവധി ഓൺലൈൻ മണി ആപ്പുകൾ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നുള്ള പണം കൈകാര്യം ചെയ്യാൻ മ്യൂൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജി.എസ്.ടി നിയമപ്രകാരം ഓൺലൈൻ മണിഗെയിമുകൾക്ക് 28 ശതമാനം ജി.എസ്.ടി ബാധകമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് ജി.എസ്.ടി രജിസ്റ്റർ ചെയ്തിരിക്കുകയുംവേണം. ഐ.പി.എൽ സീസണോടനുബന്ധിച്ച് നിയമവിരുദ്ധ ഗെയിമിങ് ആപ്പുകളുടെ പ്രവർത്തനം തടയാൻ കർശനമായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിദേശ ഗെയിമിങ് സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കാതെ വ്യാജവെബ്സൈറ്റുകൾ വഴി പ്രവർത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രഹസ്യ അക്കൗണ്ടുകൾ വഴി കൈമാറുന്ന പണം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടാനും രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02