മുംബൈയിലും എമ്പുരാൻ തരംഗം; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ


മലയാളത്തിലെ വാണിജ്യ സിനിമകളുടെ ചരിത്രത്തിൽ നാഴികക്കല്ലാകും മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്തോരുക്കിയ എമ്പുരാൻ. ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ പ്രവർത്തി ദിവസമായിട്ടും പലയിടത്തും വലിയ തിരക്കായിരുന്നു. മുംബൈയിൽ ഹിന്ദിയിൽ അടക്കം നൂറിലധികം സ്‌ക്രീനുകളിലാണ് ബ്രഹ്‌മാണ്ഡ മലയാള ചിത്രം പ്രദർശിപ്പിക്കുന്നത്. സീവുഡ്‌സ് നെക്സസ് മാളിലെ സിനിപോളിസ്, ഡോംബിവ്‌ലി പലാവ എക്‌സ്പീരിയ മാളിലെ പിവിആർ സ്‌ക്രീനുകളിൽ ദിവസേന 12 ഷോകളുമായാണ് നഗരത്തിൽ ഏറ്റവും കൂടുതൽ പ്രദർശനം നടക്കുന്നത്. മുംബൈയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഷോകളുമായി ഒരു മലയാള സിനിമ പ്രദർശനത്തിനെത്തുന്നത്. മുംബൈയിലെ തീയേറ്ററുകളിൽ നിന്നെല്ലാം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഇടവേള വരെ സ്ലോ പേസിലാണെങ്കിലും സസ്‌പെൻസും ദൃശ്യാ വിസ്മയവുമൊരുക്കിയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മേക്കിങ് സ്റ്റൈലാണ് പൃഥ്വിരാജ് പ്രകടമാക്കിയതെന്നും പണി അറിയാവുന്ന സംവിധാകയനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണെന്നും മുംബൈയിൽ ഐ ടി പ്രൊഫഷണലായ സൂരജ് മേനോൻ പറയുന്നു. മലയാള സിനിമയിൽ ഇത്തരമൊരു പരീക്ഷണത്തിന് തുനിഞ്ഞ മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് ടീമിനെയും സൂരജ് അഭിനന്ദിച്ചു. എന്നാൽ എമ്പുരാനിലെ ഖുറേഷി എബ്രഹാമിനേക്കാൾ ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പിള്ളിയെ ഇഷ്ടപ്പെടുന്നവരായിരുന്നു ചിലരെങ്കിലും ലൂസിഫറിൽ കണ്ട മാസ്സ് സീനുകൾ കാണാനായില്ലെന്ന നിരാശയാണ് ആദ്യ ഷോ കാണാൻ ആവേശത്തോടെയെത്തിയ ചിലരെങ്കിലും പങ്ക് വച്ചത്. എന്നാൽ ഹോളിവുഡ് ചിത്രങ്ങൾക്ക് സമാനമായ ദൃശ്യ വിസ്മയമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. വില്ലനെ അവതരിപ്പിച്ച രീതിയും നിലനിർത്തിയ സസ്‌പെൻസും ഗംഭീരമായെന്നാണ് രഞ്ജൻ പ്രമോദ് പറയുന്നത്. റിലീസിന് മുൻപ് വലിയ ഊഹാപോഹങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ടെല്ലാം പ്രചരിച്ചിരിക്കുന്നത്. എമ്പുരാൻ കണ്ടിറങ്ങിയ മുംബൈ മലയാളികളിൽ നിന്നും ഓക്കേ, നല്ലതായിരുന്നു, കൊള്ളാം, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു കൂടുതലായും ലഭിച്ചത്. ലൂസിഫറിന് മേലെ നിൽക്കുമോ എന്ന ചോദ്യത്തിനും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു . ലൂസിഫറിലെ പഞ്ച് ഡയലോഗുകളും മാസ് സീനുകളും എമ്പുരാനിൽ കാണാനായില്ലെന്നാണ് മോഹൻലാൽ സിനിമകളുടെ കടുത്ത ആരാധകരുടെ നിരാശ. കൈയ്യടി നേടുന്നത് പൃഥ്വിരാജാണ്. പാശ്ചാത്യ ചിത്രങ്ങളെ കിട പിടിക്കുന്ന മികച്ച നിർമ്മാണ രീതിയും കഥ പറഞ്ഞ ശൈലിയും സിനിമ എന്ന മാധ്യമത്തെ പരമാവുധി പ്രയോജനപ്പെടുത്തിയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മികച്ച തീയേറ്റർ എക്സ്പീരിയൻസ് എന്നാണ് പുതിയ തലമുറയിൽ പെട്ടവർ അഭിപ്രായപ്പെട്ടത്. അതെ സമയം മാറിയ കാലത്ത് ചിത്രത്തിന്റെ ദൈർഘ്യം കുറക്കാമായിരുന്നുവെന്നും ഇവരെല്ലാം പറയുന്നു. എന്നാൽ മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർത്താൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ ഭൂരിഭാഗം പ്രേക്ഷകരും പങ്ക് വച്ചത്. മികച്ച ആക്ഷൻ രംഗങ്ങളും സാങ്കേതിക മേന്മയുമാണ് എമ്പുരാനെ വേറെ ലെവലിൽ എത്തിച്ചത്.

Post a Comment

Previous Post Next Post

AD01

 


AD02