മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു



 മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കാര്‍ഷിക മേഖലയുമായി ബന്ധിപ്പിച്ച് കാര്‍ഷിക വിദഗ്ധരുടെ സഹായത്തോടെ ദുരന്ത ഭൂമിയില്‍ എതെല്ലാം കൃഷികള്‍ക്ക് സാധ്യതകള്‍ ഉണ്ടെന്ന് കണ്ടെത്തി സമയബന്ധിതമായി വിവരങ്ങള്‍ നല്‍കാന്‍ കൃഷി വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ പ്രകൃതി ദുരന്തത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവരില്‍ നിന്നും ലഭിച്ച 268 അപേക്ഷകര്‍ക്കായി 15.16 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബാങ്ക് മുഖേന വിതരണം ചെയ്യുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 18.2 ലക്ഷം രൂപ ഇത് വരെ വിതരണം ചെയ്തതായി മൃഗസംരക്ഷണ വകുപ്പ് യോഗത്തില്‍ അറിയിച്ചു. 182 കുടുംബങ്ങളാണ് മൃഗസംരക്ഷണത്തിലൂടെ ഉപജീവനം നടത്തുന്നത്. ഇവര്‍ക്കായി ആട്-കോഴി- പശു യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് 78 കോടിയുടെ അനുമതിക്കായി സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ട്യൂഷന്‍ ഫീസ് അനുവദിക്കണമെന്ന 27 വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ദുരന്തത്തെ തുടര്‍ന്ന് ചികിത്സയിലായ ആളുകള്‍ക്ക് കൗണ്‍സലിങ് ഉറപ്പാക്കാന്‍ ഏട്ട് പേരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ഉറപ്പാക്കും. വ്യവസായ മേഖലയിലെ വിവിധ സംരംഭകരായ 82 പേര്‍ക്കാണ് ദുരന്തത്തില്‍ സംരംഭ യൂണിറ്റികള്‍ നഷ്ടമയവര്‍. ഇതില്‍ 32 പേര്‍ വ്യവസായ വകുപ്പിന്റെ ധനസഹായത്തോടെ പുതുതായി സംരംഭം ആരംഭിച്ചു. നേരിട്ടും അല്ലാതെയും ദുരന്തത്തിന് ഇരയായ 125 പേര്‍ സംരംഭം ആരംഭിക്കാന്‍ താത്പര്യം അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

 മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ 684 പ്രവര്‍ത്തകര്‍ ഉപജീവന സഹായം ആവശ്യപ്പെടുകയും 182 പേര്‍ക്ക് വിവിധ സി.എസ്.ആര്‍ പദ്ധതിയിലുള്‍പ്പെടുത്തി സഹായം നല്‍കി. 281 പേര്‍ക്കുള്ള ഉപജീവനത്തിനായുള്ള അപേക്ഷ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ദുരന്ത പ്രദേശത്തെ വിവിധ പ്രവര്‍ത്തികള്‍ക്ക് 28 കോടിയുടെ 297 പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 279 പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ 9 പ്രവര്‍ത്തികള്‍ നിലവില്‍ പൂര്‍ത്തിയായി. വനിതാ ശിശു വികസന വകുപ്പ് യൂണിസെഫിന്റെ സഹകരണത്തോടെ മാതാപിതാക്കള്‍ മരണപ്പെട്ടത്, മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ടത്, ജീവനോപാധി പൂര്‍ണമായി നഷ്ടപ്പെട്ട രക്ഷിതാക്കള്‍ എന്നിവരുടെ മക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് സാമ്പത്തിക സഹായം വിതരണം ചെയ്തു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട 24 കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തത്. മാതാപിതാക്കള്‍ രണ്ടു പേരും മരണപ്പെട്ടവരില്‍ 7 പേര്‍ക്ക് 10 ലക്ഷം രൂപയും മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ടവര്‍-ജീവനോപാധി പൂര്‍ണമായി നഷ്ടപ്പെട്ട രക്ഷിതാക്കളുടെ മക്കളില്‍ 17 പേര്‍ക്ക് 5 ലക്ഷം രൂപയും വിതരണം ചെയ്തു. പി.എം വാത്സല്യ പദ്ധതി പ്രകാരം 24 കുട്ടികള്‍ക്ക് 18-21 വയസ്സു വരെ പ്രതിമാസം 4000 രൂപ നല്‍കും. ദുരന്ത മേഖലയില്‍ വിദഗ്ധ സമിതി അടയാളപ്പെടുത്തിയ ഗോ സോണ്‍ മേഖലയിലുള്ളവര്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ ആവശ്യപ്പെട്ടാല്‍ പുനസ്ഥാപിച്ച് നല്‍കാമെന്ന് കെ.എസ്.ഇ.ബി യോഗത്തില്‍ അറിയിച്ചു. നോ ഗോ സോണ്‍ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അഞ്ചു കോടി അനുവദിച്ചതായി മന്ത്രി യോഗത്തില്‍ അറിയിച്ചു. ദുരിതബാധിതര്‍ക്കുള്ള ഭക്ഷ്യകിറ്റ് ഏപ്രില്‍ ആദ്യവാരത്തോടെ ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ.ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ.ഒ അരുണ്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍പങ്കെടുത്തു

ദുരിതബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് 

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സ്മാര്‍ട്ട് കാര്‍ഡ് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ ദുരന്ത ബാധിതരായ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ കാര്‍ഡ് സ്‌കാന്‍ ചെയ്ത് വ്യക്തികളുടെ ആരോഗ്യം- ഭക്ഷണം-വാടക തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് കാര്‍ഡിലൂടെ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഐടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഗുണഭോക്തൃ കാര്‍ഡ് തയ്യാറാക്കിയത്. ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സേവനം ലഭിക്കും. കാര്‍ഡ് ലഭിച്ചവര്‍ക്ക് ആശുപത്രികളില്‍ നിന്നും വേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മൂന്നു നിറങ്ങളിലാണ് കാര്‍ഡ് തയ്യാറാക്കിയത്. ചുവപ്പ് നിറത്തിലുള്ള കാര്‍ഡ് നേരിട്ട് ദുരിതബാധിതരായവര്‍ക്കും ഓറഞ്ച് നിറത്തിലുള്ളത് ഭാഗികമായി ദുരിതം നേരിട്ടവര്‍ക്കും പച്ചനിറത്തിലുള്ള കാര്‍ഡ് ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുമാണ്. വ്യക്തിയുടെ അസുഖത്തിന്റെ തോതനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കാര്‍ഡ് നഷ്ടമായാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കാന്‍ സൗകര്യമുണ്ട്. മറ്റു ജില്ലകളിലെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേരാന്‍ ജില്ലാ കളക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02