ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഏകീകൃത കൗണ്ടര്‍ സിസ്റ്റം; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ മാറ്റം, പ്രഖ്യാപനവുമായി ഗണേഷ് കുമാർ



തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. വകുപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ ആര്‍ടിഒ പരിധി നോക്കാതെ ഫയലുകള്‍ തുല്യമായി വിതരണം ചെയ്യും. അതായത് എറണാകുളം ആര്‍ടിഒയില്‍ നല്‍കുന്ന അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക.പുതിയ സംവിധാനം വരുന്നതോടെ വകുപ്പില്‍ അഴിമതിയില്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഫയലുകള്‍ തുല്യമായി വീതിച്ച് നല്‍കുന്നതോടെ ഉദ്യോഗസ്ഥരുടെ അമിത ജോലി ഭാരം ഇല്ലാതാകും. ഫയല്‍ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ് കാണിക്കുന്നത്. അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍90, കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍90 എ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍90ബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് കെഎല്‍ -90 ബിസി. എന്നിങ്ങനെയാകും നമ്പറുകള്‍ നല്‍കുക. പുതിയ പരിഷ്‌കരണം അനുസരിച്ച് പുതിയ വാഹനങ്ങള്‍ പുതിയ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നിലവിലുള്ളവ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും  പറഞ്ഞു.സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക്‌പോസ്റ്റ് സംവിധാനങ്ങള്‍ നിര്‍ത്തലാക്കി പകരം പെര്‍മിറ്റ് സംബന്ധമായ ജോലികള്‍ക്കായി ജിഎസ്ടി വകുപ്പിന്റെ കാമറകള്‍ ഉപയോഗിക്കും, മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. ഗണേഷ് കുമാര്‍ പറഞ്ഞു.

WE. ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02