മാലിന്യമുക്തമായി ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം കോർപ്പറേഷനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്


ആറ്റുകാൽ പൊങ്കാല മാലിന്യമുക്തമായി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ തിരുവനന്തപുരം കോർപ്പറേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. ലക്ഷക്കണക്കിന് ആളുകൾ പങ്കാളികളായ പൊങ്കാല അവസാനിച്ച് മണിക്കൂറുകൾക്കകം നഗരം പൂർവ സ്ഥിതിയിലാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു.

താത്ക്കാലികമായി നിയോഗിക്കപ്പെട്ടവർ ഉൾപ്പെടെ 3204 ശുചീകരണ തൊഴിലാളികളെയാണ് പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനത്തിന് നഗരസഭ വിന്യസിച്ചത്. മേൽനോട്ടത്തിനായി 200 ലധികം ഉദ്യോഗസ്ഥരെയും മാലിന്യനീക്കത്തിനു 350 ലധികം വാഹനങ്ങളെയും അണിനിരത്തിയിരുന്നു. കൃത്രിമ മഴയും റോഡ് കഴുകലും ഉൾപ്പെടെ നടത്തിയാണ് നഗരത്തെ പൂർവസ്ഥിതിയിൽ ആക്കിയത്. ഇത്രയും വലിയ ഒരു ഉത്സവത്തിന് ശേഷം മണിക്കൂറുകൾക്കകം നഗരത്തെ പൂർവ്വസ്ഥിതിയിലാക്കി മാതൃകാപരമായ പ്രവർത്തനമാണ് കോർപറേഷൻ നിർവഹിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗവും ഈ ലക്ഷ്യം കൈവരിക്കാൻ നഗരസഭയെ സഹായിച്ചു.

കൃത്യമായ ആസൂത്രണത്തോടെ, മികവാർന്ന പ്രവർത്തനം നടത്തിയ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭയെയും, പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ ശുചീകരണ തൊഴിലാളികളെയും സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി ഹൃദയപൂർവം അഭിവാദ്യം ചെയ്തു.

കേരളീയം, സ്കൂൾ കലോത്സവം എന്നിവയ്ക്ക് ശേഷവും സമാനമായ മികവ് ശുചീകരണത്തിൽ കോർപറേഷൻ കാഴ്ചവെച്ചിരുന്നു. നഗരസഭ ടാങ്കറുകളിലൂടെ ആകെ 6.51 ലക്ഷം ലിറ്റർ കുടിവെള്ളവും വിതരണം ചെയ്തിട്ടുണ്ട്. ഹരിത ചട്ടം പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോർപറേഷൻ നടത്തിയ പ്രചരണ പ്രവർത്തനങ്ങൾ വിജയം കണ്ടുവെന്നാണ് ഇന്നത്തെ ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കുന്നത്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും, സ്റ്റീൽ പാത്രം ഉൾപ്പെടെ കൊണ്ടുവരാനും പരമാവധി ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്. പൊങ്കാലയിടാൻ എത്തിയവരും അന്നദാനവും കുടിവെള്ള വിതരണവും നടത്തിയവരും ക്രമീകരണങ്ങളോട് സഹകരിച്ചു. സന്നദ്ധ സംഘടനകൾക്കായി കോർപറേഷൻ പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയത് ഇക്കാര്യത്തിൽ സഹായകരമായി.

മാലിന്യമുക്തമായ പൊങ്കാല സാധ്യമാക്കിയ ഏവരെയും മന്ത്രി അഭിനന്ദിച്ചു. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്ടികകൾ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് നൽകാനുള്ള തീരുമാനവും അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02