വാഹനങ്ങളുടെ ആർ.സി അച്ചടി അവസാനിപ്പിച്ച് ഡിജിറ്റല്‍ കാർഡിലേക്ക് മാറിയെങ്കിലും സാങ്കേതിക പിഴവുകള്‍ വാഹന ഉടമകളെ വട്ടംകറക്കുന്നു. മാർച്ച് ഒന്നുമുതല്‍ ഡിജിറ്റല്‍ കാർഡ് മാത്രമായിരിക്കുമെന്ന് സർക്കുലർ ഇറക്കിയ ഗതാഗത കമീഷണറേറ്റ്, പോർട്ടലില്‍ മതിയായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. പരിവാഹൻ പോർട്ടലില്‍ നിലവില്‍ ആർ.സിയുടെ പ്രിന്‍റ് ഓപ്ഷൻ മാത്രമാണുള്ളത്. പി.ഡി.എഫ് ആയോ പി.വി.സിയായോ ഡൗണ്‍ലോഡ് ചെയ്യാൻ സൗകര്യമില്ല. ഇനി പ്രിൻറ് എടുക്കുമ്ബോഴാകട്ടെ രണ്ട് പേജുകളിലായാണ് ആർ.സി ലഭിക്കുന്നത്. ഒന്നാംപേജില്‍ വലത്തേ മൂലയിലാണെങ്കില്‍ രണ്ടാംപേജില്‍ താഴ്ഭാഗത്തായാണ് കാർഡ് പ്രിന്‍റായി കിട്ടുന്നത്. ഇത് പേപ്പർ പ്രിന്‍റായി സൂക്ഷിക്കാമെന്നല്ലാതെ കാർഡായി മാറ്റാനാകുന്നില്ല. അല്ലെങ്കില്‍ സ്ക്രീൻ ഷോട്ടെടുത്ത് ഫോട്ടോഷോപ് സോഫ്റ്റ്വെയറിന്‍റെ സഹായത്തോടെ കാർഡായി മാറ്റി പ്രിന്‍റ് ചെയ്യണം.ഇതിനാകട്ടെ കമ്പ്യൂട്ടർ സെന്‍ററുകള്‍ക്ക് അധിക ചാർജും നല്‍കണം. ആർ.സി തയാറാക്കുന്നതിന് സർവിസ് ചാർജടക്കം വാങ്ങിയ ശേഷമാണ് മോട്ടോർ വാഹനവകുപ്പിന്‍റെ ഈ അനാസ്ഥ. വാഹന ഉടമകളെ സഹായിക്കാനാണ് എന്ന് പറയുമ്പോഴും ഫലത്തില്‍ പരിഷ്കാരം ഇരട്ടിപ്പണിയാവുകയാണ്.ഡ്രൈവിങ് ലൈസൻസാണ് പ്രിന്‍റിങ് അവസാനിപ്പിച്ച് ആദ്യം ഡിജിറ്റല്‍ കാർഡിലേക്ക് മാറിയത്. നടപടികള്‍ പൂർത്തിയായ ലൈസൻസ് കാർഡുകള്‍ 'പി.വി.സി'യായും 'പി.ഡി.എഫ്' ആയും ഡൗണ്‍ലോഡ് ചെയ്യാമായിരുന്നു. ഇവ വേഗത്തില്‍ കാർഡായി പ്രിന്‍റ് ചെയ്യുകയും ചെയ്യാം. എന്നാല്‍ ആർ.സിയുടെ കാര്യത്തില്‍ ഈ രണ്ട് സൗകര്യങ്ങളുമില്ല. ഗതാഗത കമീഷണറുടെ ഉത്തരവ് പ്രകാരമാണ് എറണാകുളത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രീകൃത പ്രിന്‍റിങ് സ്റ്റേഷൻ അവസാനിപ്പിച്ചത്.
ഡിജിറ്റലൈസേഷന്‍റെ മറവില്‍ കൊള്ള
ഇരുചക്ര വാഹനങ്ങളുടെ ആർ.സിയിലെ പേരുമാറ്റത്തിനും ഹൈപ്പോതിക്കേഷൻ മാറ്റത്തിനും മുമ്ബ് 515 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 200 രൂപ കാർഡിനും 120 രൂപ സർവിസ് ചാർജും 45 രൂപ തപാല്‍ ഫീസും ഉള്‍പ്പെടെയായിരുന്നു ഇത്. കാർഡ് പ്രിന്‍റ് ചെയ്ത് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാർഡ് അച്ചടി നിർത്തിയെങ്കിലും ഇതേ സേവനത്തിന് ഈടാക്കുന്നത് 550 രൂപയാണ്. വാഹന ഉടമ കാർഡ് സ്വന്തമായി പ്രിന്‍റ് ചെയ്യുകയും വേണം. മുമ്ബ് ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ, ഹൈപ്പോതിക്കേഷൻ നോട്ടിങ്, പേരുമാറ്റം തുടങ്ങി ഒന്നിലധികം സേവനങ്ങള്‍ ഒറ്റ സർവിസ് ചാർജില്‍ (200 രൂപ) ചെയ്യാമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ കാർഡിലേക്ക് മാറിയതോടെ ഒരോ സേവനത്തിനും 200 രൂപ വീതം ഈടാക്കുകയാണ്. ഈ വഴിക്കും സർക്കാറിനാണ് ലാഭം.
WE ONE KERALA -NM
Post a Comment