ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പ്; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍


കേരളത്തിലെ ഉത്സവ, പെരുന്നാള്‍ നേര്‍ച്ച ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പുകള്‍ അപകടരഹിതമാവണമെന്ന് കേരളാ എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന ആന ഇടച്ചിലുകള്‍ ജനങ്ങളില്‍ ഭീതിയും പരിഭ്രാന്തിയും പരത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സഹകരണത്തോടെ അപകടങ്ങള്‍ ഇല്ലാതാക്കി എഴുന്നള്ളിപ്പുകള്‍ സുഗമമായി നടത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായി ഗണേഷ് കുമാര്‍ അറിയിച്ചു. ആനയെ എഴുന്നള്ളിക്കുമ്പോള്‍ 2012 ലെ നാട്ടാന പരിപാലനച്ചട്ടം കര്‍ശനമായി പാലിക്കണം. ഓരോ സ്ഥലത്തും ആന ഇടയാനുണ്ടായ കാരണങ്ങള്‍ അന്വേഷിച്ച് അത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ക്ഷേത്ര ഭാരവാഹികളും ആന ഉടമസ്ഥരും പാപ്പാന്‍മാരും ഉറപ്പു വരുത്തുകയും അതിനായി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയും വേണം.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഉത്സവ സ്ഥലങ്ങളില്‍ കൂടുതലായി ഉണ്ടാവുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നതിനും ആന ഇടയുന്നതിനും കാരണമാവുന്നുണ്ടോ എന്നും പരിശോധിക്കണം. ആനയോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ മദ്യമോ മയക്കുമരുന്നുകളോ ഉപയോഗിച്ചുകൊണ്ട് ആനയെയും കൊണ്ട് വന്നാല്‍ അവരെയും ആനയെയും ഉള്‍പ്പെടെ മാറ്റി നിര്‍ത്തുവാന്‍ ക്ഷേത്ര ഭാരവാഹികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനം ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.

ഓരോ ആനയുടെയും സ്വഭാവം കണക്കിലെടുത്ത് ആ ആനയ്ക്ക് ഉതകുന്ന രീതിയിലുള്ള എഴുന്നള്ളിപ്പുകള്‍ക്ക് മാത്രം അയയ്ക്കുവാന്‍ ആന ഉടമകള്‍ ശ്രദ്ധിയ്ക്കണം. എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ കാലില്‍ ഇടച്ചങ്ങലയും മുട്ടു ചങ്ങലയും ഇടേണ്ടതാണ്. ഏറ്റവും പരിചയസമ്പന്നരും ആനയോട് ഏറ്റവും ഇണങ്ങി നില്‍ക്കുന്നവരുമായ പാപ്പാന്‍മാരെ എഴുന്നള്ളിപ്പുകളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കണം. ഉത്സവ സമയങ്ങളില്‍ ജനങ്ങളെ നിയമം അനുശാസിക്കുന്ന അകലത്തില്‍ നിര്‍ത്തുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ പൊലീസിന്റെ സഹായം തേടണമെന്ന് ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പൊതുജനങ്ങള്‍ക്ക് മതിയായ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികളും ആന ഉടമകളും ഉറപ്പു വരത്തണം. പരിശീലനം ലഭിച്ച എലിഫന്റ് സ്‌ക്വാഡിന്റെ സാന്നിധ്യം എല്ലാ ആന എഴുന്നള്ളിപ്പുകളിലും ഉണ്ടാവുന്നത് ഇടയുന്ന ആനകളെ എത്രയും വേഗം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എലിഫന്റ് സ്‌ക്വാഡുകളെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിനും, അതിലെ അംഗങ്ങള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിനും ഉല്‍സവങ്ങളില്‍ അവരുടെ സേവനം ഉറപ്പുവരുത്തുനാണതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02