ക്രമക്കേട് നടന്നതായി കണ്ടെത്തി; ഇടമുളക്കല്‍ സര്‍വീസ് ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെ സ്വത്ത് ഹൈക്കോടതി മരവിപ്പിച്ചു


ക്രമക്കേട് നടന്നതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയ സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെ സ്വത്ത് ഹൈക്കോടതി മരവിപ്പിച്ചു. സ്വത്ത് കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ലന്ന് ജസ്റ്റീസ് മുരളി പുരുഷോത്തമന്‍ ഉത്തരവിട്ടു. കൊല്ലം ജില്ലയിലെ ഇടമുളക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായിരുന്ന സാന്റ്റേഴ്‌സ് ബേബി, ബിനി രാജു എന്നിവരുടെ സ്വത്താണ് കോടതി മരവിപ്പിച്ചത്. ഇരുവര്‍ക്കുമുള്ള വസ്തുക്കളും സമ്പാദ്യങ്ങളും എത്രയെന്ന് വിശദികരിച്ച് പത്ത് ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കുടുബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളും സത്യവാങ്മൂലത്തില്‍ വിശദികരിക്കണം. ഇതാദ്യമായാണ് ക്രമക്കേടുകള്‍ കണ്ടെത്തിയ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുടെ സ്വത്ത് ഹൈക്കോടതി മരവിപ്പിക്കുന്നത്. ഭരണസമിതി അംഗങ്ങള്‍ക്കെതിരായ റവന്യൂ റിക്കവറി നടപടികള്‍ കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ മുന്‍ ഭരണസമിതിയുടെ കാലത്ത് വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ബാങ്കിനുണ്ടായ നഷ്ടം സര്‍ച്ചാര്‍ജ് നടപടിയിലൂടെ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ സഹകരണ ജോയിന്റ് രജിസ്ടര്‍ ഉത്തരവിട്ടു. ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ നിരസിച്ചു. തുടര്‍ന്നാണ് ഭരണസമിതി അംഗങ്ങള്‍ കോടതിയെ സമീപിച്ചത്. ഇവരുടെ സമ്പാദ്യങ്ങളും വസ്തുക്കളും കൈമാറ്റം ചെയ്താല്‍ ബാങ്കിനുണ്ടായ നഷ്ടം ഈടാക്കി നല്‍കാനാവില്ലന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Post a Comment

Previous Post Next Post

AD01

 


AD02