ടിവി സീരിയല്‍, സിനിമ പ്രമേയങ്ങളില്‍ ശുദ്ധീകരണം ആവശ്യമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍. വര്‍ത്തമാന കാല സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നവയാണ്. ഇത്തരം സിനിമകള്‍ എങ്ങനെയാണു സെന്‍സറിങ് നേടുന്നതെന്നും പ്രേം കുമാര്‍ ചോദിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് പ്രതികരണം.ചില ടെലിവിഷന്‍ പരിപാടികളും സാഹിത്യകൃതികളുമൊക്കെ എന്റോസള്‍ഫാനെപ്പോലെ മാരകമാണ് സമൂഹത്തിനെന്ന് പറഞ്ഞയാളാണ് താനെന്നും അതിനകത്ത് ചില സിനിമകളും ഉള്‍പ്പെടുന്നുണ്ടെന്നും പ്രേം കുമാര്‍ പറഞ്ഞു. വര്‍ത്തമാന കാല സിനിമകളെ കുറിച്ച് വല്ലാത്ത ആശങ്കയുള്ളൊരാളാണ് ഞാന്‍. പല സിനിമകളും മനുഷ്യനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹിംസാത്മകതകളെ, വന്യതയെ മൃഗീയ വാസനകളെ മുഴുവന്‍ ഉണര്‍ത്തുന്നതാണ്. കൊലപാതകങ്ങളൊക്കെ വല്ലാത്ത ക്രൂര വിനോദങ്ങളായി ആഘോഷിക്കുന്ന സിനിമകള്‍. സമകാലീന സിനിമകളില്‍ ചിലതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അതൊക്കെ അപകടകരമായ രീതിയില്‍ പോവുകയാണ്. സെന്‍സറിംഗ് സംവിധാനമുണ്ട് എന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം. ഇതിനെയൊക്കെ നിരീക്ഷിക്കാന്‍, കൃത്യമായ വിലയിരുത്തലുകള്‍ നടത്താന്‍, നിയന്ത്രണങ്ങള്‍ വരുത്താന്‍, തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ ഒക്കെ സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അതിനെയൊക്കെ മറികടന്നു കൊണ്ട് ക്രൂരതയുടെയും പൈശാചികതയുടേയും ഭീബത്സമായ ദൃശ്യങ്ങളൊക്കെ പുതിയ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കുറിച്ചും കൂടിയാണ് ഞാന്‍ പറയുന്നത് – അദ്ദേഹം വ്യക്തമാക്കി.സെന്‍സറിംഗ് സംവിധാനങ്ങളെ മറികടന്നുകൊണ്ട് കലയുടെ പേരില്‍ വരുന്ന ഇത്തരം സൃഷ്ടികള്‍ എങ്ങനെയാണ് പ്രദര്‍ശനാനുമതി നേടുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്റെ കാര്യത്തില്‍ അത്തരം സെന്‍സറിങ് സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ അത് സൃഷ്ടിക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കലാപ്രവര്‍ത്തനം പാളിപ്പോയാല്‍ അത് ഒരു വലിയ ജനതയെ മൊത്തം അപചയത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിവ് കൂടി അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നല്‍കണം എന്നില്ല. സന്ദേശം നല്‍കുന്നുണ്ടെങ്കില്‍ അത് നന്മയുടേതാകണം – പ്രേം കുമാര്‍ പറഞ്ഞു.
WE ONE KERALA -NM
Post a Comment