ദേശീയ വിദ്യാഭ്യാസനയവും മണിപ്പൂരുമടക്കം ചർച്ചക്ക്; പാർലമെന്‍റ് ഇന്നും കലങ്ങി മറിയും


ദേശീയ വിദ്യാഭ്യാസ നയം, മണിപ്പൂർ സംഘർഷം, മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായേക്കും. കേന്ദ്രസർക്കാരിനെതിരായ വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ. കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച മണിപ്പൂർ ബജറ്റ് ഇന്ന് സഭയിൽ ചർച്ച ചെയ്ത് പാസാക്കും. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ കഴിയാത്ത കേന്ദ്രപരാജയം ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കുക.

രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്ത് പോകുകയും ചെയ്യുന്നവർക്കുള്ള നിയമങ്ങൾ കർക്കശമാക്കുന്നതിനായുള്ള ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വിദേശികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാറിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ബില്ല്. രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രാലയ ചർച്ചയും ഇന്ന് നടക്കും. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കം പ്രതിപക്ഷം ചൂണ്ടിക്കാട്ടും.

അതേ സമയം, കേന്ദ്രസർക്കാരിന്റെ കടൽ ഖനന നയത്തിനെതിരെ മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പാർലമെന്റ് പ്രതിഷേധ മാർച്ച് ഇന്ന് ദില്ലിയിൽ നടക്കും. രാവിലെ 11 മണിക്ക് ജന്തർ മന്തറിലാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഇടത്, യുഡിഎഫ് എംപിമാരും തീരദേശമണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.

വിവിധ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ ഭാരവാഹികളും നൂറിലധികം മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിന്റെ ഭാഗമാകും. കേന്ദ്രസർക്കാരിന്റെ കടൽ ഖനന പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യതലസ്ഥാനത്തും തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. നയത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നതുവരെ ശക്തമായി പ്രതിഷേധിക്കാനാണ് സമരക്കാരുടെ തീരുമാനം.

Post a Comment

Previous Post Next Post

AD01

 


AD02