നാഷണൽ ടെലിവിഷനിൽ രണ്ടു രാജ്യങ്ങളുടെ പ്രസിഡന്‍റുമാർ തമ്മിലുള്ള വാക്ക് തർക്കവും ഇറങ്ങിപ്പോക്കും ലൈവായി കണ്ടതിന്‍റെ അമ്പരപ്പിലാണ് അമേരിക്കക്കാർ. അപൂർവ ധാതുക്കരാറിൽ ഒപ്പുവെയ്ക്കാൻ യുഎസിലെത്തിയ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന് കരാറിൽ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്‌ഹൗസിൽ നിന്ന് മടങ്ങി. യുക്രൈന്റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യുഎസിന് നൽകുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയിൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇത് സെലൻസ്കി എതിർത്തതാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. പുടിൻ കൊലയാളിയാണെന്നും അയാളുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലൻസ്കിയുടെ മറുപടി. ഇത് ട്രംപിനെ പ്രകോപിപ്പിച്ചു. പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് ഇരുവരും ചൂടൻ വാഗ്വാദങ്ങളിലേക്ക് കടക്കുകയായിരുന്നു. റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്നായിരുന്നു സെലെൻസ്കിയുടെ ആവശ്യം. എന്നാൽ സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാൽ മാത്രം അമേരിക്കയിലേക്ക് മടങ്ങി വന്നാൽ മതിയെന്നായിരുന്നു സെലെൻസ്‌കിയോടുള്ള ട്രംപിന്റെ പ്രതികരണം. മാധ്യമങ്ങൾ ലൈവായി കൂടിക്കാഴ്ച സംപ്രേഷണം ചെയ്യവേയാണ് തർക്കങ്ങൾ നടന്നത്. ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും യുക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമർ സെലൻസ്കിക്ക് എതിരെ ഗുരുതര ആരോപണങ്ങള്ളാണ് ഉന്നയിച്ചത്. എന്നാൽ, ഇത് ജനങ്ങൾക്കിടയിൽ കടുത്ത വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്.
മൂന്നാം ലോക മഹായുദ്ധത്തിനാണ് സെലൻസ്കി ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. ഇത് തന്നോടും തന്റെ രാജ്യത്തോടും കാണിക്കുന്ന അനാദരവ് ആണെന്നും, നിങ്ങൾക്കിഷ്ട്ടപെട്ട കാര്യങ്ങൾ ചോദിച്ചു വാങ്ങാൻ പറ്റിയ ഒരു നിലയിൽ അല്ല നിങ്ങൾ ഉള്ളതെന്നും ട്രംപ് സെലൻസ്കിയോട് കയർത്തു. പിന്നാലെ ഇരു നേതാക്കളും ചേർന്ന് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതായി വൈറ്റ്‌ഹൗസ് അറിയിച്ചു. ഇതോടെ സൗദിയിൽവെച്ച് യുഎസും റഷ്യയും ചേർന്ന് പ്രഖ്യാപിച്ച യുക്രൈൻ സമാധാനശ്രമങ്ങളുടെ ഭാവിയാണ് തുലാസിലായത്.
Post a Comment