വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം അവസാനിച്ചു. 6 മാസം നീണ്ട ചിത്രീകരണം രജനികാന്തിന്റെ അനാരോഗ്യം കാരണം ഇടയിൽ നിർത്തിവെച്ചത് വാർത്തയായിരുന്നു. ചിത്രത്തിൽ രജനികാന്തിനൊപ്പം, നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയ നീണ്ട താരനിരയുമുണ്ട്. 10 മാസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ഇതിനകം 3 കോടിയോളം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് എലോൺ ചിത്രമാണ് കൂലി. LCU വിലെ സിനിമകൾ ലഹരിക്കടത്തിനെ പറ്റിയാണ് സംസാരിച്ചതെങ്കിൽ കൂലിയിൽ സ്വർണ്ണക്കടത്ത് ആണ് പ്രതിപാദ്യം.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലനിധി മാറാൻ നിർമ്മിക്കുന്ന കൂലി ആഗസ്ത് 14 ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം റാപ്പപ്പ് ആയ വിവരം സൺ പിക്ച്ചേഴ്‌സാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചത്. ഒപ്പം റിലീസ് ചെയ്ത 20 സെക്കന്റ് ദൈർഘ്യമുള്ള കൂലിയുടെ മേക്കിങ് വീഡിയോയിൽ രജനികാന്തിനെയും സൗബിൻ ഷാഹിറിനെയും അടക്കമുള്ള പ്രധാന അഭിനേതാക്കളെയെല്ലാം കാണാൻ സാധിക്കുന്നു. കഴിഞ്ഞ ദിവസം ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചിരുന്നു. രണ്ടാം ഭാഗത്തിലും മോഹൻലാലടക്കമുള്ള താരങ്ങളുടെ അതിഥിവേഷങ്ങൾ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിക്രം ഇൻഡസ്ട്രി ഹിറ്റ് ആകുകയും പിന്നീട് രജനികാന്തിന്റെ ജയിലർ വിക്രത്തിന്റെ കളക്ഷൻ റെക്കോർഡ് തകർക്കുകയൂം ചെയ്തിരുന്നു എന്നാൽ അധികം വൈകാതെ ലോകേഷിന്റെ തന്നെ വിജയ് ചിത്രം ‘ലിയോ’ ജയിലറിന്റെയും കളക്ഷനും മറികടന്നു.

Post a Comment