.jfif)
കോഴിക്കോട് : പാലക്കാട് നിന്ന് കോഴിക്കോടേക്ക് അതിവേഗ യാത്ര ഒരുക്കുന്ന പാലക്കാട് - കോഴിക്കോട് നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ നിർമാണം വൈകാതെ ആരംഭിക്കും. ദേശീയപാത 544ൽ പാലക്കാട് മരുതറോഡിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66ൽ കോഴിക്കോട് പന്തീരാങ്കാവ് വരെ 120.84 കിലോമീറ്റർ നീളത്തിലാണ് പാത കടന്നുപോവുക. പാലക്കാട് ജില്ലയിൽ ദേശീയപാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി ഇനി 25 ഹെക്ടർ സ്ഥലം മാത്രമാണ് ഏറ്റെടുക്കാൻ ഉള്ളത്. ഇതിനകം ഏറ്റെടുത്ത സ്ഥലത്തിൻ്റെ നഷ്ടപരിഹാരത്തുക വിതരണം അന്തിമനടപടികളിലേക്കെത്തിയിരിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ കഴിയും.ഇനി ഏറ്റെടുക്കാനുള്ള 25 ഹെക്ടറിൽ 15 ഹെക്ടറോളം സ്വകാര്യഭൂമിയും 10 ഹെക്ടർ വനഭൂമിയുമാണ്. ഇതുകൂടി ഏറ്റെടുത്ത് കഴിഞ്ഞാൽ പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് 98 ശതമാനം പൂർത്തിയാകുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. 120 കിലോമീറ്റർ നീളുന്ന പാത പാലക്കാട് ജില്ലയിൽ ആകെ 61.4 കിലോമീറ്ററാണുള്ളത്. ആകെ 276 ഹെക്ടർ ഭൂമി നിർമാണത്തിനായി ഏറ്റെടുക്കും.ഹൈ സ്പീഡ് കോറിഡോറായി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമേറ്റെടുപ്പിനായി പാലക്കാട് ജില്ലയ്ക്ക് 1,755.88 കോടി രൂപയാണ് അനുവദിച്ചത്. സ്ഥലമേറ്റെടുപ്പിനായും നഷ്ടപരിഹാരത്തുക വിതരണത്തിനായുമാണ് ഈ തുക. ഇതിൽ 99 ശതമാനം വിതരണം ചെയ്തു. 45 മീറ്റർ വീതിയിലാണ് നാലുവരിപ്പാതയ്‌ക്കായി സ്ഥലമേറ്റെടുത്തത്.സ്വകാര്യ വ്യക്തികൾ ദേശീയപാത അതോറിറ്റിക്ക് സ്ഥലം കൈമാറുന്ന മുറയ്ക്കാണ് നഷ്ടപരിഹാരത്തുക കൈമാറുന്നത്. ഭൂമി ഏറ്റെടുത്തസമയത്ത് സർവേ നമ്പറുകൾ ഇല്ലാതിരുന്നതും സർവേയിൽ വിട്ടുപോയതുമായ സ്ഥലങ്ങളാണ് ബാക്കിയുള്ള 15 ഹെക്ടറിലുൾപ്പെടുന്നത്. ഈ സ്ഥലമേറ്റെടുപ്പ് കഴിഞ്ഞാൽ പിന്നെ 10 ഹെക്ടർ വനഭൂമി മാത്രമേ ബാക്കിയുണ്ടാകൂ.നാലുവില്ലേജുകളിലായാണ് 10 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടത്. മലമ്പുഴ - ഒന്ന്, അകത്തേത്തറ, മുണ്ടൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് വനാതിർത്തിയുള്ളത്. ഇതിൻ്റെ സർവേ ആരംഭിച്ചിട്ടില്ല. ഇതിനായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നിരാക്ഷേപ പത്രം ലഭ്യമായി. ഏറ്റെടുക്കുന്ന വനഭൂമി സംബന്ധിച്ച വിവരം പ്രസിദ്ധീകരിക്കാൻ അതത് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് മരുതറോഡ് മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരവരെയുള്ള 21 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് പാത കടന്നുപോകുന്നത്. ലാൻഡ് റവന്യൂ, സാമൂഹിക വനവൽക്കരണവിഭാഗം, പൊതുമരാമത്ത് വിഭാഗം ഉൾപ്പെടെയുള്ള വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേ പൂർത്തീകരിക്കുന്നത്.
Post a Comment