ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. വര്‍ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധന ബാധകമാണ്. 14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ നല്‍കണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സര്‍ക്കാര്‍ രണ്ടാഴ്ച കൂടുമ്പോള്‍ അവലോകനം ചെയ്യുമെന്നും ഹര്‍ദീപ് സിങ് പുരി അറിയിച്ചു. അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. ഇന്ന് അര്‍ധ രാത്രി മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വന്‍ ഇടിവാണ് ഏതാനും ദിവസമായി എണ്ണ വിലയിലുണ്ടായത്. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്ന സൂചനകള്‍ക്കിടെയാണ്, തീരുവ ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.തീരുവ വര്‍ധിപ്പിച്ചതിന്റെ പേരില്‍ ചില്ലറ വില്‍പ്പന വിലയില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം എക്സില്‍ വ്യക്തമാക്കി.
WE ONE KERALA -NM
Post a Comment