മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദ സാമ്പിളുകൾ അന്വേഷണസംഘം ഉടൻ പരിശോധിക്കും. എൻഐഎയുടെ പക്കലുള്ള കോൾ റെക്കോർഡിംഗുകൾ റാണയുടെ ശബ്ദവുമായി പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതേസമയം എൻഐഎയുടെ പക്കലുള്ള സാക്ഷി കൊച്ചി സ്വദേശിയാണെന്ന സൂചനയുണ്ട്. റാണയെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും എൻഐഎ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
26/11 മുംബൈ ആക്രമണക്കേസിലെ ഗൂഢാലോചനക്കാരനായ തഹാവൂർ ഹുസൈൻ റാണയെ ന്യൂദില്ലിയിലെ സിജിഒ സമുച്ചയത്തിലെ എൻഐഎയുടെ ഹെഡ് ഓഫീസിനുള്ളിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഹാവൂർ റാണക്ക് പ്രത്യേക പരിഗണനകളില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട മറ്റേതൊരു വ്യക്തിയെയും പോലെയാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസിൽ നിന്ന് വെള്ളിയാഴ്ചയാണ് റാണയെ ദില്ലിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചത്. 14 അടി നീളവും 14 അടി വീതിയുമുള്ള സെല്ലില്‍ 24 മണിക്കൂറും സിസിടിവി നിരീക്ഷണ സംവിധാനത്തോടു കൂടിയാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. അതേസമയം, റാണയുമായി തെളിവെടുപ്പു നടത്താൻ എൻഐഎ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ആക്രമണത്തിന് മുമ്പ് റാണ സന്ദർശിച്ച സ്ഥലങ്ങളിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. കേരളത്തിൽ കൊച്ചിയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയേക്കും. കൊച്ചിക്ക് പുറമെ ഉത്തർപ്രദേശിലെ ഹാപൂർ, ആഗ്ര എന്നിവിടങ്ങിളിലും തെളിവെടുപ്പിനായി റാണയെ കൊണ്ടുപോകും.
Post a Comment