ഓണം കഴിഞ്ഞാൽ മലയാളികൾ കാത്തിരിക്കുന്നത് വിഷുക്കാലത്തിനായാണ്. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകളും കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നത് കണിക്കൊന്നയാണ്. കണി കണ്ടു കഴിഞ്ഞാൽ പിന്നെ അടുക്കളയാകെ വിഷുവിഭവങ്ങളുടെ ഗന്ധമായിരിക്കും. മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന വിഷു വിഭവമാണ് വിഷുക്കട്ട. തൃശൂരിലെ പലയിടങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. വിഷക്കട്ട എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
ഉണക്കലരി- 2 കപ്പ്
ചിരകിയ നാളികേരം - 2കപ്പ്
ജീരകം - 1 ടീസ്പൂൺ
ചുക്ക് പൊടിച്ചത് - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന്
നെയ്യ്- 2 ടീസ്പൂൺ
അണ്ടിപരിപ്പ്- ആവശ്യത്തിന്
ഉണക്ക മുന്തിരി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിരകിയ നാളികേരത്തിൽ നിന്നും ഒന്നാംപാൽ നല്ല കട്ടിയിൽ പിഴിഞ്ഞെടുക്കാം.
ശേഷം പിഴിഞ്ഞെടുത്ത നാളികേരത്തിൽ അൽപ്പം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാൽ എടുക്കാം.
ഇതിലേക്ക് ഉണക്കലരി ചേർത്തു വേവിക്കാം.
വെന്തുകഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാകുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം.
അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കട്ടയായി കഴിഞ്ഞാൽ എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വക്കാം.
നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളിൽ വിതറി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കര പാനി ഒഴിച്ചോ കറികൾ ഒഴിച്ചോ കഴിക്കാം.
Post a Comment