കണ്ണൂർ ജില്ലയെ സംബന്ധിച്ചെടുത്തോളം ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് 18 ഗ്രാമപഞ്ചായത്തുകൾ ഡിപിആർ തയ്യാറാക്കി വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിൽ തുടങ്ങി “വലിച്ചെറിയൽ മുക്ത ജില്ല” പ്രവർത്തനത്തിൽ മുഴുകി,മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ” ഇരുകൈയോടെ സ്വീകരിച്ച് അത് ജനകീയ ക്യാമ്പയിനായി മാറിയപ്പോൾ കരുത്താർജ്ജിച്ച അനുഭവമാണുള്ളത്. ശുചിത്വം എന്നത് ഒരു കീറാമുട്ടിയായി കാണാതെ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും മിഷനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കാണാനാവുക. ഇതുതന്നെയാണ് “മാലിന്യമുക്തം നവകേരളം” ജനകീയ ക്യാമ്പയിനിന്റെ വിജയത്തിനും ഉൽപ്രേരകമായി വർത്തിച്ചത് എന്നതിൽ സംശയമില്ല. കാലാകാലങ്ങളിൽ മാറി വന്ന ക്യാമ്പയിനുകളിൽ പരാമർശിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമേ വ്യത്യസ്തങ്ങളായ തനത് പ്രവർത്തനങ്ങൾ കൂടി സംഭാവന ചെയ്യാൻ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം ഉപേക്ഷിച്ച് ശാസ്ത്രീയമായ മാലിന്യ പരിപാലനം ഒരു ജീവിതചര്യയായി പൊതുസമൂഹത്തിൽ കണ്ണൂർ ജില്ലയെ പ്രാപ്തമാക്കുന്നതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.നിരന്തര ബോധവൽക്കരണ പ്രവർത്തനങ്ങൾ, പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ യജ്ഞങ്ങൾ, മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായുള്ള കുറ്റമറ്റ സംവിധാനങ്ങൾ ഒരുക്കൽ, എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനങ്ങൾ, ഹരിത നിയമപാഠശാലകൾ തുടങ്ങി സർവ്വതല സ്പർശിയായാണ് ക്യാമ്പയിനുകൾ ജില്ലയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് മികവാർന്ന പ്രവർത്തനങ്ങൾ വർദ്ധിത വീര്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. കണ്ണൂരിനെ ഹരിത ശുചിത്വ മാതൃകാ ജില്ലയായി വളർത്തിയെടുക്കുന്നതിന് അക്ഷീണം പ്രയത്നിച്ച മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മിഷനുകൾക്കും വകുപ്പുകൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നന്ദി കണ്ണൂർ ജില്ലാകലക്ടറുടെ വാക്കുകൾ. /
WE ONE KERALA -NM
Post a Comment