സുരേഷ് ഗോപിയും പുലിപ്പല്ല് മാല ഉപയോഗിക്കുന്നു, എങ്ങനെ കിട്ടിയതെന്ന് വ്യക്തമാക്കണം; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി




നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം പരാതി നൽകി. പുലിപ്പല്ല് മാല എങ്ങനെ കിട്ടിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നാണ് ആവശ്യം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു. കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസ് ഉപയോഗിക്കുന്ന മാല പുലിപ്പല്ല് കൊണ്ടുള്ളതാണെന്ന് വനം വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. മാലയിലുള്ള പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കുന്നതിനായി ഇന്ന് വേടനെ രണ്ട് ദിവസം വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുംതിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ സ്വാസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നാണ് ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും 11 മൊബൈൽ ഫോണും പിടിച്ചെടുത്തത്. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്നാണ് വേടൻ അറിയിച്ചത്. വേടനും സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02