കണ്ണൂർ: അവധിക്കാല യാത്രാ തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍നിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിക്കാതെ ദക്ഷിണ റെയില്‍വേയും ദക്ഷിണ പശ്ചിമ റെയില്‍വേയും.
വിഷു-ഈസ്റ്റർ സമയത്ത് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രിൻസിപ്പല്‍ ചീഫ് ഓപറേഷൻ മാനേജർക്ക് കേരള സമാജം ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസ് എന്നിവക്ക് പിറകില്‍ ഷാഡോ ട്രെയിനുകള്‍ അനുവദിക്കുന്നത് യാത്രാപ്രശ്നത്തിന് പരിഹാരമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തിരുവനന്തപുരത്തേക്ക് പ്രതിവാര സ്പെഷല്‍ അനുവദിച്ച റെയില്‍വേ വടക്കൻ കേരളത്തെ തഴഞ്ഞു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍നിന്നുള്ള നിരവധി യാത്രക്കാരാണ് ബംഗളൂരു യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്നത്. പ്രതിദിന സർവിസായ കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസ്, പ്രതിവാര സർവിസായ മംഗളൂരു-യശ്വന്ത്പുര എക്സ്പ്രസ് എന്നിവ മാത്രമാണ് ഈ റൂട്ടിലെ പതിവ് ട്രെയിനുകള്‍. വേനലവധിക്കാലത്തും ആഘോഷ സീസണുകളിലും ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്ബ് വിറ്റുതീരുന്നതാണ് പതിവ്.
അതേസമയം, ബംഗളൂരു-തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ അനുവദിച്ച സ്പെഷല്‍ ട്രെയിൻ വെള്ളിയാഴ്ച സർവിസ് ആരംഭിക്കും. വെള്ളിയാഴ്ചകളില്‍ ബംഗളൂരുവില്‍നിന്നും ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നും സർവിസ് നടത്തുന്ന രീതിയില്‍ എ.സി സ്പെഷല്‍ പ്രതിവാര ട്രെയിനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ വരെ ഇരു ദിശകളിലേക്കും ഒമ്ബതു വീതം സർവിസുണ്ടാകും.
എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷല്‍ (06555) ട്രെയിൻ ഏപ്രില്‍ നാല്, 11, 18, 25, മേയ് രണ്ട്, ഒമ്ബത്, 16, 23, 30 തീയതികളിലാണ് സർവിസ് നടത്തുക. വെള്ളിയാഴ്ചകളില്‍ രാത്രി 10ന് ബംഗളൂരു എസ്.എം.വി.ടിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം നോർത്തില്‍ എത്തും. കെ.ആർ പുരം -രാത്രി 10.10, ബംഗാർപേട്ട്-10.53, സേലം- പുലർച്ച 2.15, ഈറോഡ് -3.15, തിരുപ്പൂർ -4.03, പോത്തന്നൂർ-4.58, പാലക്കാട്-6.10, തൃശൂർ-7.42, ആലുവ-8.40, എറണാകുളം നോർത്ത്-9.15, കോട്ടയം-10.25, ചങ്ങനാശ്ശേരി-10.45, തിരുവല്ല-10.56, ചെങ്ങന്നൂർ-11.07, മാവേലിക്കര-11.21, കായംകുളം-11.30, കൊല്ലം-12.02, വർക്കല -12.26 എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു സ്പെഷല്‍ ട്രെയിൻ (06556) ഏപ്രില്‍ ആറ്, 13, 20, 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് തീയതികളില്‍ സർവിസ് നടത്തും. ഞായറാഴ്ചകളില്‍ ഉച്ചക്ക് 2.15ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ചകളില്‍ രാവിലെ 7.30ന് ബംഗളൂരുവിലെത്തും. വർക്കല- ഉച്ചക്ക് 2.35, കൊല്ലം-2.57, കായംകുളം-3.43, മാവേലിക്കര-3.56, ചെങ്ങന്നൂർ-4.08, തിരുവല്ല-4.20, ചങ്ങനാശ്ശേരി-4.28, കോട്ടയം-4.47, എറണാകുളം ടൗണ്‍-6.00, ആലുവ-6.35, തൃശൂർ-രാത്രി 8.12, പാലക്കാട്-9.35, പോത്തന്നൂർ-10.58, തിരുപ്പൂർ-11.53, ഈറോഡ്-12.50, സേലം- പുലർച്ച 1.47, ബംഗാർപേട്ട്-5.03, കെ.ആർ പുരം-6.14 എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. രണ്ട് സെക്കൻഡ് എ.സി, 16 എ.സി ത്രീ ടയർ കോച്ചുകളാണുള്ളത്. തേർഡ് എ.സിയില്‍ 1490 രൂപയും സെക്കൻഡ് എ.സിയില്‍ 2070 രൂപയുമാണു ടിക്കറ്റ് നിരക്ക്.
Post a Comment