മുംബൈയില്‍ ധാരാവിയിലെ താമസക്കാരെ മാലിന്യക്കൂമ്പാര മേഖലയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരക്കെ പ്രതിഷേധം. അദാനിയുടെ ധാരാവി വികസനത്തിന്റെ ഭാഗമായാണ് ദേവ്നാര്‍ ഡംപിങ് ഗ്രൗണ്ടും ഉപയോഗപ്പെടുത്താനുള്ള നീക്കമെന്നാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ട്. മുംബൈയില്‍ ധാരാവി ചേരിയിലെ 50000 മുതല്‍ ഒരു ലക്ഷത്തോളം വരുന്ന താമസക്കാരെയാണ് രാജ്യത്തെ ഏറ്റവും വലിയ മാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങളിലൊന്നായ ദേവ്നാറിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് നയിക്കുന്ന ധാരാവി പുനര്‍വികസന പദ്ധതിയുടെ (ഡിആര്‍പി) ഭാഗമായാണ് ഈ നീക്കം.അദാനിയുടെ പുനര്‍നിര്‍മാണ പദ്ധതി പ്രകാരം 2000 ജനുവരി ഒന്നു വരെ ധാരാവിയില്‍ വീടുള്ളവര്‍ക്ക് മാത്രമാണ് ഗുണഭോക്താക്കളാകാന്‍ സാധിക്കൂ. അല്ലാത്തവരെ ധാരാവിയില്‍ നിന്നും മാറ്റുന്നതിന് വേണ്ടിയാണ് ദേവ്നാര്‍ ഡംപിങ് ഗ്രൗണ്ട് ഉപയോഗപ്പെടുത്താന്‍ തീരുമാനമായത്. കൂടാതെ മുളുണ്ട്, കാഞ്ചുര്‍മാര്‍ഗ്, ഭാണ്ഡൂപ്പ് എന്നിവിടങ്ങളിലെ ഉപ്പളങ്ങളാണ് ധാരാവിയിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടു കൊടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ട്. കേന്ദ്ര മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു
മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ 2021-ലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തനം നിര്‍ത്തിയ മാലിന്യസംഭരണ മേഖലയില്‍ ആശുപത്രികളോ, വീടുകളോ, സ്‌കൂളുകളോ നിര്‍മിക്കാന്‍ പാടില്ല. ദേവ്നാര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന ഡംപിങ് യാര്‍ഡാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2024-ല്‍ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ദേവ്നറില്‍ നിന്ന് ഓരോ മണിക്കൂറിലും 6202 കിലോ മീഥെയ്ന്‍ ആണ് പുറന്തള്ളപ്പെടുന്നത്. ഇന്ത്യയിലെ 22 മീഥെയ്ന്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് ദേവ്നാര്‍. 2024 സെപ്റ്റംബര്‍ 27-ന് ദേവ്നാറിലെ 124 ഏക്കര്‍ സ്ഥലം മുംബൈ നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിക്കായി കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
WE ONE KERALA -NM
Post a Comment