സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. യൂട്യൂബ് ചാനലിലൂടെ ആണ് വിശദീകരണം. സംഗീത പരിപാടിയിൽ പങ്കാളിയാകാമെന്ന് പരാതിക്കാരനായ നിജുരാജ് അറിയിച്ചിരുന്നു. 25 ലക്ഷം നിക്ഷേപം നൽകാമെന്ന് പറഞ്ഞിരുന്നു. നിജുവിൻ്റെ കമ്പനിയുമായി കരാർ ഒപ്പിട്ടപ്പോൾ 5 ലക്ഷം തന്നു. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. 45 ലക്ഷത്തിൻ്റെ ബില്ല് ആദ്യം തന്നു, പിന്നെ അത് 47 ആക്കി. 5 ലക്ഷം തിരികെ നൽകി. ഭീഷണി തുടർന്നപ്പോഴാണ് വോയ്സ് മെസേജ് അയച്ചതെന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
നിജു തന്‍റെ ഭാര്യ സൈറയെ വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. അതോടെയാണ് നിജു ആകെ നൽകിയ 5 ലക്ഷം രൂപ സൈറ തിരിച്ചു കൊടുത്തത്. എന്നിട്ടും നിജുവിന്റെ ശല്യം തീർന്നില്ല. അപ്പോഴേക്കും സൈറ മാനസികമായി ആകെ തളർന്നിരുന്നു. അതിനു ശേഷം താൻ നിജുവുമായി സംസാരിച്ചെന്നും അതിന്‍റെ ക്ലിപ്പുകളാണ് തെറ്റായ രീതിയിൽ വ്യഖ്യാനിക്കപ്പെട്ടതെന്നും ഷാൻ റഹ്മാൻ പറഞ്ഞു. പരാതിക്കാരനായ നിജുരാജ് മറച്ചു വെച്ച കാര്യങ്ങൾ പറയാനാണ് എന്ന ആമുഖത്തോടെയാണ് ഷാൻ റഹ്മാൻ്റെ വീഡിയോ തുടങ്ങുന്നത്. നിജുരാജിൻ്റെ അറോറ എന്ന സ്ഥാപനവുമായിട്ടായിരുന്നു കരാർ. സംഗീത പരിപാടിയിൽ പങ്കാളിയാകാമെന്നു പറഞ്ഞിരുന്ന നിജു 5 ലക്ഷം രൂപ മാത്രമാണ് തന്നത്. ലാഭത്തിൻ്റെ 70 ശതമാനം ആവശ്യപ്പെട്ടു. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് പരിപാടിയുടെ തലേ രാത്രിയാണ് അറിഞ്ഞത്. തൻ്റെ പ്രൊഡക്ഷൻ മാനേജരാണ് എന്നു പറഞ്ഞാണ് നിജുരാജ് പുതിയ കമ്പനിയെ ബന്ധപ്പെട്ടതെന്നു ഷാൻ റഹ്മാൻ പറഞ്ഞു.
സംഗീത നിശ കഴിഞ്ഞ ശേഷം ആദ്യം 45 ലക്ഷത്തിൻ്റെ ബില്ല് തന്നു അതിനു ശേഷം 47 ആക്കി. പിന്നിടത് 51 ലക്ഷമാക്കി. പാർട്ട്ണർ ആകുമെന്ന് പറഞ്ഞ ആളുടെ ചെലവ് കൂടി തങ്ങൾ കൊടുക്കണമെന്നായി. പിന്നീട് നിരന്തരം തൻ്റെ ഭാര്യയെ വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് ആദ്യം നൽകിയ 5 ലക്ഷം തിരികെ നൽകി. ഭീഷണി തുടർന്നപ്പോഴാണ് വോയ്സ് മെസേജ് അയച്ചത്. ശബ്ദ സന്ദേശം മുഴുവനായി അയാർ പുറത്തു വിട്ടിട്ടില്ല. സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയവർക്ക് നിജുരാജ് വഴിയല്ലാതെ നേരിട്ട് പണം നൽകുമെന്ന് വ്യക്തമായപ്പോഴാണ് അയാൾ തനിക്കെതിരെ വഞ്ചനാ കേസ് നൽകിയതെന്നും ഷാൻ റഹ്മാൻ പറഞ്ഞു.
തങ്ങൾ പണം കൊടുക്കില്ല എന്നു മനസ്സിലായപ്പോഴാണ് നിജു കേസ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. പിന്നീടൊരു ദിവസം കോംപ്രമൈസിനു വേണ്ടി നിജു രണ്ട് വെൻഡേഴ്സിനെ എന്റെ വീട്ടിലേക്ക് അയച്ചു. എല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നു എന്നും പ്രസ് കോൺഫറൻസ് വിളിച്ചു പറയാം എന്ന് നിജു അറിയിക്കുകയും ചെയ്തു. ഈ പ്രശ്നത്തിന്റെ പേരിൽ ഞാനും എന്റെ കുടുംബവും മാനസികമായി ബുദ്ധിമുട്ടിയിരുന്നു. നാട്ടുകാരുടെ മുഴുവൻ ചീത്ത കേട്ടു. ഞങ്ങളെ മാനസികമായി തകർത്തതിനു ശേഷം ഇങ്ങനെയൊക്കെ ചെയ്തിട്ട് എന്താണ് കാര്യമെന്നും ഷാൻ ചോദിച്ചു. നിജു പരസ്യമായി മാപ്പ് പറയണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അത് വിസമ്മതിച്ചു. പിന്നീട് കോംപ്രമൈസിന് വന്ന വെൻഡേഴ്സിന്റെ ഫോൺ കോളുകളും ഇയാൾ എടുക്കാതെയായി. നിജു തങ്ങൾക്കു തരാനുള്ള പൈസ വാങ്ങിയെടുത്തോളാം എന്ന് വെൻഡേഴ്സ് എന്നോടു പറഞ്ഞു. അങ്ങനെ ആ വിഷയം അവിടെ തീർന്നെന്നും ഷാൻ പറയുന്നു. താനും ഭാര്യയും കഴിഞ്ഞ മാസം 29ന് പൊലീസ് സ്റ്റേഷനിൽ പോയി മൊഴി കൊടുത്തു. കേസുമായി മുന്നോട്ടു പോവുകയാണ്. സത്യം പറഞ്ഞാൽ മതിയായി. എനിക്കും കുടുംബത്തിനും ജോലി ചെയ്യണം, ജീവിക്കണം. ദയവായി ഉപദ്രവിക്കരുതെന്നും ഷാൻ റഹ്മാൻ കൂട്ടിച്ചേർത്തു.
Post a Comment