ചരിത്രപരമായ തീരുമാനവുമായി തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ; സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയം നടപ്പാക്കി


ഹൈദരാബാദ്: സംവരണത്തിനുള്ളിലെ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി തെലങ്കാന. എസ്‍സി വിഭാഗത്തിലെ 68 വിഭാഗങ്ങൾക്കാണ് സംവരണപരിധി നിശ്ചയിച്ച് സർക്കാർ ഗസറ്റ് ഉത്തരവ് പുറത്തിറക്കിയത്. എസ്‍സി വിഭാഗങ്ങളെ പിന്നോക്കാവസ്ഥ അടിസ്ഥാനപ്പെടുത്തി മൂന്നാക്കി തിരിച്ച് സംവരണം നടപ്പാക്കാനാണ് തീരുമാനം. ഏറ്റവും പുതിയ ജാതി സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലേക്ക് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ എത്തിയത്. തെലങ്കാനയിൽ ആകെ എസ്‍സി സംവരണം നിലവിൽ 15 ശതമാനമാണ്. ഇതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സംവരണം നടപ്പാക്കുന്നത്. ഒന്നാം ഗ്രൂപ്പിൽ വരുന്ന സമുദായങ്ങളിലെ അംഗങ്ങൾക്ക് ഇനി മുതൽ ഒരു ശതമാനമായിരിക്കും സംവരണം. രണ്ടാമത്തെ ഗ്രൂപ്പിൽ ഒൻപത് ശതമാനം സംവരണം ഉണ്ടായിരിക്കും. മൂന്നാമത്തെ ഗ്രൂപ്പിൽ 5 ശതമാനമായിരിക്കും സംവരണം. തെലങ്കാന സർക്കാർ നടത്തിയ ഏറ്റവും പുതിയ ജാതി സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംവരണ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുമാനം ജാതി സെൻസസ് അതിന്‍റെ പൂർണ അർത്ഥത്തിൽ നടപ്പാക്കുന്നതിന്‍റെ ആദ്യ പടിയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. സംസ്ഥാനം ചരിത്രം സൃഷ്ടിക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തേ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് സംവരണത്തിനുള്ളിൽ സംവരണം നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് പിൻപറ്റിയാണ് നീക്കം. ജോലികളിലും വിദ്യാഭ്യാസത്തിലും ഈ സംവരണനയം നടപ്പാക്കും. അതിനിടെ കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വൊക്കലിംഗ എംഎൽഎമാരുടെ യോഗം ഇന്ന് നടക്കും. ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന് വീരശൈവ ലിംഗായത്ത് സഭ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിടുക്കത്തിൽ ജാതി സെൻസസിൽ ഒരു തീരുമാനവുമെടുക്കില്ല എന്നാണ് വൊക്കലിംഗ സമുദായ നേതാവ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചത്.

Post a Comment

Previous Post Next Post

AD01

 


AD02