കുവൈത്ത് സിറ്റി: വ്യാജ അക്യുപങ്ചർ ചികിത്സ മൂലം ഭാര്യ മരിച്ചെന്ന് ആരോപിച്ച് കുവൈത്ത് പ്രവാസി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കാസർകോട് സ്വദേശിയും കുവൈത്ത് പ്രവാസിയുമായ ഹസൻ മൻസൂറാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയത്. തൈറോയിഡ് ചികിത്സയ്ക്ക് അലോപ്പതി മരുന്ന് സ്വീകരിച്ചിരുന്ന ഭാര്യയെ, മരുന്നില്ലാതെ രോഗം പൂർണമായി സുഖപ്പെടുത്താമെന്ന ഉറപ്പോടെ തെറ്റിദ്ധരിപ്പിച്ചതായാണ് പരാതി. തുടർന്ന് മരുന്ന് നിർത്തി അക്യുപങ്ചർ ചികിത്സ സ്വീകരിച്ചതോടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഡിസംബറിലാണ് കുവൈത്തില്‍ വെച്ച് ഭാര്യ മരിച്ചത്. നാട്ടില്‍ ചികിത്സ നല്‍കിയ സ്ഥാപനത്തിന് നിയമാനുസൃത അംഗീകാരമില്ല, അതേസമയം തെറ്റായ ചികിത്സയും തെറ്റായ പ്രചാരണങ്ങളും മരണത്തില്‍ പ്രധാന കാരണമായതായും പരാതിയില്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് നിരവധി ബ്രാഞ്ചുകളുള്ള സ്ഥാപനത്തെയും, അതുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാണ് പരാതി. മെഡിക്കല്‍ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം ഹസൻ മൻസൂർ സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി സംസ്ഥാന ഡിജിപിക്കും കൈമാറിയിട്ടുണ്ട്
WE ONE KERALA -NM
Post a Comment