മുതലപ്പൊഴി വിഷയത്തിൽ വി ശശി എംഎൽഎയുടെ ഓഫീസ് അടിച്ചു തകർത്തത് മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാനാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “പ്രശ്നപരിഹാരത്തിന് ആശ്രാന്ത പരിശ്രമം നടത്തിയ എംഎൽഎയാണ് വി ശശി . മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് ഓഫീസ് അടിച്ചു തകർത്തത് . മുതലപ്പൊഴി വിഷയത്തിൽ ഒരു വിഭാഗം ആളുകൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും” അദ്ദേഹം പറഞ്ഞു. “എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തത് ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടിയാണ്. ഓഫീസ് അടിച്ചു തകർത്തവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണം. തുടർ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എൽഡിഎഫ് നേതൃത്വം ഇടപെട്ടിട്ടുണ്ട്. നിലവിൽ 4 എക്സ്കവേറ്ററുകൾ, ജെസിബി, ഡ്രഡ്ജറുകൾ, മണൽ നീക്കം ചെയ്യാൻ ടിപ്പറുകൾ എന്നിവ മുതലപ്പൊഴിയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് എക്സ്കവേറ്ററുകൾ കൂടി ഉടൻ എത്തിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുതലപ്പൊഴിയിലെ പൊഴിമുറിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. കായലിൽ നിന്നും 90 മീറ്റർ നീളത്തിൽ മണൽ നീക്കം ചെയ്യും. അഴീക്കലിൽ നിന്ന് ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് നിലവിലെ തീരുമാനം.
കായലിൽ നിന്നും 90 മീറ്റർ നീളത്തിൽ മണൽ നീക്കം ചെയ്യാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഹാർബർ വിഭാഗം ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുടെ സമ്മതത്തോടെയാണ് നടപടി. കഴിഞ്ഞ ദിവസം വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ തന്നെ പൊഴിമുറിക്കലിന് തുടക്കമിട്ടിരുന്നു. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുക. ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂരിൽ നിന്നെത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം. ഡ്രഡ്ജർ പുറംകടലിലെത്തിയതിന് ശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി മുറിച്ച് പൊഴി തുറക്കും. നാലുദിവസം കൊണ്ട് പൊഴിമുറിക്കൽ പൂർത്തിയാക്കും. ഇതിനായി കൂടുതൽ മണ്ണു മാന്തി യന്ത്രങ്ങളും ടിപ്പറും സജ്ജമാക്കിയിട്ടുണ്ട്. പൊഴി മുറിക്കുന്നതിനോടൊപ്പം തന്നെ കൂട്ടിയിട്ടിരിക്കുന്ന മണൽ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടക്കും. ഇതോടെ വലിയ താങ്ങു വള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് പോകാനാകും.
Post a Comment