ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും; കടുത്ത വെല്ലുവിളികളുമായി സൂപ്പര്‍ താരങ്ങള്‍


ദോഹ: ദോഹ ഡമയമണ്ട് ലീഗില്‍ സ്വര്‍ണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 10.15നാണ് മത്സരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം 88.67 മീറ്റര്‍ദൂരത്തോടെ നീരജ് വെള്ളി നേടിയിരുന്നു. 84.52 മീറ്ററാണ് സീസണില്‍ നീരജിന്റെ പ്രകച്ച പ്രകടനം. നീരജിനൊപ്പം ഇന്ത്യയുടെ കിഷോര്‍ ജെനയും ദോഹയില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യന്‍ യാക്കൂബ് വാഡ്ലെജ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവര്‍ ഉള്‍പ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്. രാത്രി പത്തേകാലിന് തുടങ്ങുന്ന പുരുഷന്‍മാരുടെ 5000 മീറ്ററില്‍ ഗുല്‍വീര്‍ സിംഗും രാത്രി പതിനൊന്നേകാലിന് തുടങ്ങുന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പറുള്‍ ചൗധരിയും മത്സരിക്കും. ദോഹ ഡയമണ്ട് ലീഗിന് ശേഷം നീരജ് തുടര്‍ന്ന് മെയ് 23 ന് പോളണ്ടിലെ ചോര്‍സോവില്‍ നടക്കുന്ന 71-ാമത് ജാനുസ് കുസോസിന്‍സ്‌കി മെമ്മോറിയല്‍ എന്ന വേള്‍ഡ് അത്ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ (സില്‍വര്‍ ലെവല്‍) മീറ്റിലും മത്സരിക്കും. ജൂണ്‍ 24 ന് ചെക്ക് റിപ്പബ്ലിക് നടക്കുന്ന ഒസ്ട്രാവ ഗോള്‍ഡന്‍ സ്‌പൈക്ക് 2025 അത്ലറ്റിക്‌സ് മീറ്റിലും നീരജ് പങ്കെടുക്കും. കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ പരിക്കുകള്‍ കാരണം താരം പിന്മാറിയിരുന്നു. ഇത്തവണ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് നീരജ്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെയാണ് നീരജ് തുടങ്ങിയത്. പോഷ് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ 84.52 മീറ്റര്‍ കുറിച്ചാണ് നീരജ് ഒന്നാമതെത്തിയത്. അതേസമയം, ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം മാറ്റിവച്ചിരുന്നു. ഈ മാസം 24ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് നീരജ് ക്ലാസിക്സ് അരങ്ങേറുന്നത്. കായിക മന്ത്രാലയത്തിന്റെ പിന്തുണയും ടൂര്‍ണമെന്റിനുണ്ട്. 

ആദ്യം ഹരിയാനയിലെ തൗ ദേവി ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരം തീരുമാനിച്ചതെങ്കിലും ലോകോത്തര നിലവാരം അനുസരിച്ചാണ് മത്സരം ബെംഗളൂരുവിലേക്ക് മാറ്റിയത്. ഒളിംപിക്സ് മെഡല്‍ നേടിയ തനിക്ക് രാജ്യത്തെ അത്ലറ്റിക്സിനായി ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ടൂര്‍ണമെന്റിന് മുന്നോടിയായി നീരജ് പറഞ്ഞു.



Post a Comment

Previous Post Next Post

AD01