കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവന: മന്ത്രിയെ പുറത്താക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി


വിജയ് ഷായുടെ പ്രതികരണം അത്യന്തം വിഷലിപ്തമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആർഎസ്എസിന്റെ ബാധിച്ചിരിക്കുന്ന മനോരോഗന്റെ പ്രത്യക്ഷമാണിത്. വിജയ് ഷായെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണം. ഇത് ഒറ്റപ്പെട്ട പ്രതികരണം അല്ല, വിജയ് ഷാ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇയാൾക്കെതിരെ കേസെടുക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

വിക്രം മിശ്രിക്കെതിരെയും സംഘടിത സൈബർ ആക്രമണം നടത്തി. നിഷിക്കാന്ത് ദുബെ ക്കെതിരെയും കേസെടുത്തില്ല. ഓപ്പറേഷൻ സിന്ദൂറുമായുള്ള വിശദീകരണം ഇതുവരെയും കേന്ദ്രം പുറത്ത് വിട്ടിട്ടില്ല. വിഷയം അന്താരാഷ്ട്ര വത്കരിക്കാൻ ട്രംപിന്റെ കോർട്ടിലേക്ക് തള്ളിയിട്ട മോദി മറുപടി പറയണം. നന്ദകുമാറും സുപ്രീം കോടതിക്കെതിരെ സംസാരിച്ചു. നന്ദ കുമാർ കലാപാഹ്വനമാണ് നടത്തിയത്. നന്ദകുമാറിനെതിരെ കേസെടുക്കണം. നിഷിക്കാന്ത് ദുബെ യുടെ ബാക്കി പത്രമാണ് നന്ദകുമാർ എന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ സഹോദരി എന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ തിരിച്ചടിയിൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്.

ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇതിന്റെ വിഡിയോ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വൈറലായത്. ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ അയച്ചെന്നായിരുന്നു ഷായുടെ പ്രസ്താവന.

‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ – എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.

ധീരരായ സായുധ സേനാംഗങ്ങളെ അപമാനിക്കുകയാണ് ബിജെപി എന്ന് പ്രതിപക്ഷമായ കോൺഗ്രസ് വിമർശിച്ചു. കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്ക് നേരെ നടക്കുന്നത്. ബിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെടുമോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നുണ്ട്.

ഇന്ത്യൻ സൈന്യത്തിൽ മികച്ച റെക്കോർഡുള്ള കേണൽ ഖുറേഷി, സൈനിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് ന്യൂഡൽഹിയിൽ കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്.



Post a Comment

Previous Post Next Post

AD01