നീരജ് ചോപ്ര ഇനി ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍; ഉത്തരവ് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം



ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നൽകി ആദരിച്ച് രാജ്യം. കായികമേഖലയില്‍ രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 16 മുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വന്നതായാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2023ലെ ലോക ചാംപ്യൻഷിപ്പില്‍ ജേതാവായ നിരജ് 2020 ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിംപിക്സില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റുകൂടിയാണ് നീരജ്. ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ജാവലിനില്‍ സ്വര്‍ണം നേടിയ ശേഷം, ജനുവരി 22ന് അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തിന് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. 2016 ഓഗസ്റ്റ് 26ന് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായും നീരജ് ചോപ്ര ചേര്‍ന്നിരുന്നു. നേരത്തെ 2018ല്‍ അര്‍ജുന അവാര്‍ഡ് നൽകിയും നീരജിനെ രാജ്യം ആദരിച്ചിരുന്നു. ഒളിംപിക് സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ 2021-ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2022ല്‍ പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01