വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ഇന്ന് രാവിലെ 11 മണിക്ക് നടക്കാൻ പോകുകയാണ്. ഇതിനിടെ പലരും വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരുകയും ചെയ്തു. മാത്രമല്ല പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഉണ്ട്. പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്ന് ആണ് മന്ത്രി വി എൻ വാസവൻ കൈരളി ന്യൂസിനോട് പറയുന്നത്. നാട്ടിലെ ജനങ്ങൾ വികസനത്തെ നെഞ്ചേറ്റുന്നു. എല്ലാ വിഭാഗം ജനങ്ങളും വികസനത്തിനൊപ്പമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് മാത്രമാണ് വിട്ടുനിൽക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ വാദം വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. ചടങ്ങിൽ ആരൊക്കെ സംസാരിക്കണം എന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും മാത്രമാണ് അവിടെ സംസാരിക്കുന്നത്. സംസ്ഥാന പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുമുണ്ട്. അദ്ദേഹത്തിന് സംസാരിക്കാൻ അവസരം ഇല്ലെന്നാണ് ഇപ്പോൾ പറയുന്ന കാരണം. പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്ന കാര്യം സംസ്ഥാനത്തിന് മാറ്റാനാകില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറയുന്നത് തൊടുന്യായമാണ്. നല്ല പ്രവർത്തികൾ ആരു ചെയ്താലും അംഗീകരിക്കണം. വിവാദമുണ്ടാക്കേണ്ട യാതൊരു കാരണവുമില്ല. ശശി തരൂർ വിവേകശാലിയായ പൊതുപ്രവർത്തകൻ ആണ്. അതുകൊണ്ടാണ് അദ്ദേഹം വികസനത്തെ അനുകൂലിക്കുന്നത്. അത് ഓരോരുത്തരുടെ മാനസിക അവസ്ഥയാണ്. ചിലർക്ക് സങ്കുചിതമായ മാനസിക അവസ്ഥയാണുള്ളത്. അവർക്ക് എന്തിനെയും എതിർക്കുക മാത്രമാണ് ലക്ഷ്യം. കരാറിന്റെ വ്യവസ്ഥകളെയാണ് എൽഡിഎഫ് അന്ന് എതിർത്തതെന്നും പിണറായി സർക്കാർ കരാർ സുതാര്യമാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഇത് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment