കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. സഹിക്കാനാകാത്ത ക്രൂരതയാണിതെന്ന് ശൈലജ പറഞ്ഞു. അച്ഛനമ്മമാർ പോലും കുഞ്ഞുങ്ങള്‍ക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
'സഹിക്കാനാകാത്ത ക്രൂരതയാണ് ഈ സംഭവം. എറണാകുളത്ത് കോലഞ്ചേരിയില്‍ ഒരു കുഞ്ഞോമനയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്നു എന്ന വാര്‍ത്ത മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ പിതൃ സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന വാര്‍ത്ത കൂടി വരുന്നത്. നമ്മുടെ കുടുംബങ്ങള്‍ അടഞ്ഞ സ്വകാര്യ ഇടങ്ങളായി മാറുകയും അതിലെ അംഗങ്ങള്‍ യാതൊരു സാമൂഹ്യബോധമോ പ്രതിബദ്ധതയോ ഇല്ലാത്തവരായി ജീവിക്കുകയും ചെയ്യുമ്പോള്‍ അകത്തളങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന നരകയാതനകളാണ് പുറത്തുവരുന്നത്. അച്ഛനമ്മമാർ പോലും അവര്‍ക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്', ശൈലജ പറഞ്ഞു. കുഞ്ഞുങ്ങളുടെ അവകാശം സംബന്ധിച്ചും മുതിര്‍ന്നവരുടെ കടമ സംബന്ധിച്ചും വലിയ തോതിലുള്ള ബോധവല്‍ക്കരണവും നടപടികളും ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമൊന്നാകെ കൂടെ നിന്നുകൊണ്ട് മനുഷ്യരുടെ കുറ്റകരമായ സ്വഭാവ വ്യതിയാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കണം. ഇത്തരം ഹൃദയഭേദകമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരാതിരിക്കട്ടെ എന്ന് ആശിക്കുന്നുവെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ കിട്ടുന്നതിനുള്ള നടപടികളുണ്ടാകണമെന്നും ശൈലജ പറഞ്ഞു.
അതിനിടെ കുഞ്ഞിനെ പീഡിപ്പിച്ചതായി അച്ഛന്റെ സഹോദരന്‍ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്. മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post a Comment