സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം. ആലപ്പുഴയില്‍ തട്ടുകട തകര്‍ന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ കൈനകരിയില്‍ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന് മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന് (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മൂന്നു മരങ്ങള്‍ കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. റെയില്‍വേ ട്രാക്കിന്റെ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ കാറ്റില്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. കൊച്ചി ആലുവ അമ്പാട്ടുകാവിലാണ് റെയില്‍വേ ട്രാക്കിലേക്ക് മരം വീണത്. ഇരു ഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയില്‍ വ്യാപക നാശം. പടിഞ്ഞാറെ ചാലക്കുടി മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. നിമിഷങ്ങള്‍ മാത്രമാണ് കാറ്റടിച്ചത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ പ്രദേശത്ത് മിന്നല്‍ ചുഴലി അനുഭവപ്പെട്ടിരുന്നു. കവുങ്ങ്, തെങ്ങ്, ജാതി, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം നിലച്ചു.
WE ONE KERALA -NM
إرسال تعليق