വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 21ന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ്ഫെയറിനോടനുബന്ധിച്ച് വിജ്ഞാനകേരളം സംസ്ഥാന അഡ്വൈസർ ഡോ ടി എം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ തൊഴില്‍ ദാതാക്കളുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ ചേംബർ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന യോഗത്തില്‍ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ എന്നീ തൊഴിൽ ദാതാക്കൾ 10000 പ്രാദേശിക ജോലികൾ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തു. ജൂൺ രണ്ടിന് നടക്കുന്ന ജില്ലാതല സംരംഭക മീറ്റിങ്ങിൽ ഇവർ തൊഴിൽ സാധ്യതകൾ അറിയിക്കും.
തൊഴില്‍ രഹിതര്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകള്‍ ആവശ്യമായ പരിശീലനം നല്‍കി ഉറപ്പാക്കുകയാണ് വിജ്ഞാനകേരളം വഴി ലക്ഷ്യമിടുന്നത്. എല്ലാ ആഴ്ചകളിലും ഓരോ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ അന്വേഷകര്‍ക്കും തലശ്ശേരി എഞ്ചിനീയറിങ് കോളേജില്‍ വെര്‍ച്വല്‍ തൊഴില്‍മേള സംഘടിപ്പിക്കും. ജൂണ്‍ 24 ന് ബിരുദധാരികള്‍ക്കുള്ള തൊഴില്‍മേളയും നടക്കും. ഇതില്‍ 1000 തൊഴിലവസരങ്ങളാണ് ഉണ്ടാവുക. ഇത് എല്ലാ ശനിയാഴ്ചകളിലും തുടരും. ജില്ലാതല മെഗാ ജോബ് ഫെയര്‍, എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ജോബ് ഫെയര്‍, പ്രാദേശിക ജോബ് ഫെയര്‍ എന്നിവ വഴി 20,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്.
യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി, വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, എന്‍ എം സി സി സെക്രട്ടറി പി അനില്‍കുമാര്‍, മുന്‍ പ്രസിഡന്റ് വിനോദ് നാരായണന്‍, ഡയറക്ടറേറ്റ് അംഗങ്ങളായ കെ അനീഷ്, വി കെ ദിവാകരന്‍, അജിത്ത് നമ്പ്യാര്‍, കെ കെ പ്രദീപ്, ബിജിത്ത് രാംദാസ് എന്നിവര്‍ പങ്കെടുത്തു.
Post a Comment