മസ്‌കത്ത്-കണ്ണൂർ ഇൻഡിഗോ ആരംഭിച്ചു



                                              

കണ്ണൂർ: ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി ആദ്യ വിമാനത്തെ സ്വീകരിച്ചു. മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം നടത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. പുലർച്ചെ 3.35ന് മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് പറക്കുന്ന വിമാനം രാവിലെ 8.30ന് കണ്ണൂരിൽ ലാന്റ് ചെയ്യും. രാത്രി 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.25ന് മസ്‌കത്തിൽ എത്തും. മസ്കത്തിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് വടക്കേ മലബാർ മേഖലയിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. യാത്രാ പ്രയാസത്തിൽ വീർപ്പുമുട്ടുന്ന മലബാറിലെ പ്രവാസി യാത്രക്കാർക്ക് എന്തുകൊണ്ടും ആശ്വാസം തരുന്നതാണ് ഇൻഡിഗോയുടെ മസ്‌കത്ത്-കണ്ണൂർ സർവീസ് എന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസും മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് 41.300 റിയാലും കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്ക് 37.200 റിയാലുമാണ് ആദ്യ ദിനങ്ങളിൽ ഇൻഡിഗോ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്കുകൾ. ഒമാനില്‍ വേനല്‍ അവധിക്കാലം ആരംഭിക്കാനിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ടിക്കറ്റ്‌ നിരക്ക് ഉയർന്നേക്കുമെന്ന് ട്രാവൽ മേഖലയിൽ നിന്നുള്ളവർ പറയുന്നു. മസ്‌കത്തിനു ചെന്നൈക്കും ഇടയിൽ നേരിട്ട് സർവീസ് ആരംഭിക്കാൻ ഇൻഡിഗോ. ജൂൺ പകുതി മുതൽ ആഴ്ചയിൽ മുന്ന് സർവീസുകൾ വീതം നടത്തുമെന്ന് എയർലൈൻ കമ്പനി അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 11.45ന് ചെന്നൈയിൽ നിന്നും മസ്‌കത്തിലേക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം പുലർച്ചെ 2.35ന് ലാന്റ് ചെയ്യും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചക്ക് 1.50ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 6.45ന് ചെന്നൈയിൽ എത്തും. വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും നിരക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇൻഡിഗോ എയർലൈൻ അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01