മലപ്പുറത്ത് യുവാവിനെ പുലി കടിച്ചുകൊന്നു; മരിച്ചത് ടാപ്പിങ് തൊഴിലാളി.



മലപ്പുറം:  മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാല്‍ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്.സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01