നവയുഗ സാങ്കേതികവിദ്യകളിൽ നൈപുണ്യ പരിശീലനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവതയുടെ തൊഴിൽശേഷി വർദ്ധിപ്പിക്കും. കൃഷിയിടങ്ങൾ മുതൽ അതിർത്തിയിലെ പ്രതിരോധ മേഖലകൾ വരെ ഡ്രോൺ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉയർന്നുവരുന്നുണ്ട്. അതിലേക്ക് എത്തിപ്പെടാൻ യുവതയെ സജ്ജരാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിൽ അസാപ് കേരള വലിയ പങ്കുവഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള, അണ്ണാ യൂണിവേഴ്സിറ്റിയുടെ DGCA അംഗീകാരമുള്ള സെന്റർ ഫോർ എയ്‌റോസ്‌പേസ് റിസർച്ചുമായി സഹകരിച്ച് കഴക്കൂട്ടം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷന്റെ ഉദ്ഘാടനം നഗരൂർ രാജധാനി കോളേജിൽ വെച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത സെന്റർ ഓഫ് എക്സലൻസ് ഇൻ ഡ്രോൺ പൈലറ്റ് ട്രെയിനിങ് തൃശ്ശൂരിൽ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ഒ എസ് അംബിക എം. എൽ. എ അധ്യക്ഷയായി. ഇന്ത്യയുടെ മൂൺ മാൻ എന്നറിയപ്പെടുന്ന പദ്മശ്രീ ഡോ മയിൽസ്വാമി അണ്ണാദുരൈ നയിച്ച സെമിനാറും ഡ്രോൺ എക്സ്പോ, ലൈവ് ഡെമോൺസ്ട്രേഷനുകൾ എന്നിവയും ശ്രദ്ധേയമായി. അസാപ് കേരള സി.എം.ഡി ഡോ.ഉഷ ടൈറ്റസ്, സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച് ഡയറക്ടർ ഡോ സെന്തിൽ കുമാർ, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഡി, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ്, അസാപ് കേരള ഹെഡ് ലൈജു ഐ പി നായർ, രാജധാനി കോളേജ് പ്രിൻസിപ്പാൾ ഡോ. മധുകുമാർ എസ് എന്നിവർ സംസാരിച്ചു.
Post a Comment