ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ അനുമതി. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയാണ് റാണയ്ക്ക് ഒറ്റത്തവണ ഫോണ്‍ കോളിനുള്ള അനുമതി നല്‍കിയത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലായിരിക്കും റാണയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കുക. കഴിഞ്ഞ മാസമാണ് കുംടുംബാംഗങ്ങളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്. ജയില്‍ മാനുവന്‍ പ്രകാരം ഭാവിയില്‍ റാണയ്ക്ക് ഫോണ്‍ കോള്‍ ചെയ്യുന്നതിനുള്ള അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ നിലപാട് വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2008 നവംബർ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയിൽ മുഖ്യപങ്കാളിയാണ് കനേഡിയൻ പൗരനായ തഹാവൂർ റാണെയെന്നാണ് കണ്ടെത്തൽ. മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബർ പതിനാറിനാണ് റാണ കൊച്ചി മറൈൻ ഡ്രൈവിലെ ഹോട്ടലിൽ മുറിയിടുത്തത്. ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലിൽ അറിയിച്ചിരുന്നത്. കൊച്ചിയിൽ വെച്ച് 13 ഫോൺ നമ്പറുകളിലേക്ക് റാണ വിളിച്ചിട്ടുണ്ട്. ഈ നമ്പറുകൾ കണ്ടെത്താൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബെംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.
Post a Comment