“രാജ്യങ്ങളില്ല, സംസ്ഥാനങ്ങളില്ല; ഞാൻ കാണുന്നത്‌ അതിരുകളില്ലാത്ത ലോകം”; ശുഭാംശു ശുക്ല


“ഇവിടെ നിന്ന് നോക്കുമ്പോൾ എനിക്ക് രാജ്യങ്ങളോ സംസ്ഥാനങ്ങളോ എനിക്ക് കാണാൻ സാധിക്കുന്നില്ല. ഞാൻ കാണുന്നത് അതിരുകളില്ലാത്ത ലോകമാണ്. അവിടെ വേർതിരിവുകളില്ല. ഭൂമിയാണ്‌ നമ്മുടെ വീട്‌. അതിനകത്താണ്‌ നമ്മളെല്ലാവരും”. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീഡിയോ കോളിൽ സംവദിക്കുമ്പോൾ പറഞ്ഞ വാക്കുകളാണിവ. അന്തരീക്ഷത്തിന്റെ വിശാലത കാണുമ്പോൾ എന്ത് തോന്നുന്നുവെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കൾ വലിയ സ്വപ്‌നങ്ങൾ കാണണമെന്നും വിജയത്തിലെത്താൻ പല വഴികളുമുണ്ടെന്നും പരിശ്രമം അവസാനിപ്പിക്കരുത് എന്നും പ്രധാനമന്ത്രിയുടെ “യുവാക്കൾക്ക് എന്ത് സന്ദേശം നൽകുന്നുവെന്ന” ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

ശുഭാംശു രാജ്യത്തിന്റെ അഭിമാനമാണെന്നും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യങ്ങൾക്ക്‌ ശുഭാംശുവിന്റെ അനുഭവങ്ങൾ മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശുക്ല സംവദിച്ചത്.

ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഗഗന്‍യാന്‍ ദൗത്യസംഘാംഗവുമായ ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. ഇവിടേക്കെത്തുന്ന ആദ്യ ഇന്ത്യകാരനും ശുക്ലയാണ്.

അതേസമയം ബഹിരാകാശ നിലയത്തിൽ ശുഭാംശു ശുക്ലയും സംഘവും പൂർണ്ണ തോതിൽ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. ഭൂമിയിൽനിന്ന് എത്തിച്ച പരീക്ഷണ വസ്തുക്കൾ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്ക് മാറി. നിലയത്തിലെ ഇൻകുബേറ്ററുകൾ, ശീതീകരണികൾ എന്നിവയിലാണ് ഇവ സൂക്ഷിക്കുന്നത്.





Post a Comment

Previous Post Next Post

AD01