ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തിൽ 9 പേരെ കാണാതായി. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ചാർ ധാം തീർഥാടന യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഉത്തരകാശിയിലെ ബാർകോട്ട്-യമുനോത്രി മാർഗിലെ മേഘവിസ്‌ഫോടനത്തിൽ 9 പേരെ കാണാതായി. കെട്ടിട നിർമാണത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. യമുനോത്രി തീർത്ഥാടകരുടെ പ്രധാനയിയിലും മണ്ണിടിച്ചിലുണ്ടായി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേന തിരച്ചിൽ ആരംഭിച്ചു. ഹിമാചൽ പ്രദേശിലെ കുളുവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മഴക്കെടുതിയിൽ ഹിമാചലിൽ മരിച്ചവരുടെ എണ്ണം 17 ആയി. 300 കോടിയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്ക്. കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചാർ ധാം തീർഥാടന യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചു. ഹരിദ്വാർ, ഋഷികേശ്, ശ്രീനഗർ, രുദ്രപ്രയാഗ്, സോൻപ്രയാഗ്,വികാസ്‌നഗർ എന്നിവിടങ്ങളിൽ തീർത്ഥാടകർക്കും നിയന്ത്രണം ഏർപ്പെടുത്തി. ബദരിനാഥ് ദേശീയപാത മണ്ണിടിച്ചിലിനെ തുടർന്ന് താത്കാലികമായി അടച്ചു. ഇതോടെ കേദാർനാഥിലേക്കുള്ള തീർത്ഥാടകർ പലരും വഴിയിൽ കുടുങ്ങി.
രുദ്രപ്രയാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞ് കാണാതായ 8 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒരാഴ്ച്ചത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ദില്ലി , ജമ്മു കശ്മീർ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post a Comment