തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യൂറോളജി കൂടാതെ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രതിസന്ധി രൂക്ഷം. ന്യൂറോ, ഓര്‍ത്തോ, കാര്‍ഡിയോളജി വിഭാഗങ്ങളിലും സര്‍ജറികള്‍ മാറ്റിവയ്‌ക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ സര്‍ജറികളും മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പ്രതിസന്ധി തുടരുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം. കാസ്പ് വഴിയാണ് പണം സര്‍ക്കാരിന് ലഭിക്കുന്നത്. അത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. സര്‍ക്കാര്‍ കൃത്യമായി ഓഡിറ്റ് ചെയ്ത കണക്ക് കൊടുക്കാത്തതു കൊണ്ട് കേന്ദ്രം പണം കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓരോ ഡിപാര്‍ട്ട്‌മെന്റുകളിലേക്കും വേണ്ട ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നത് അവിടുത്തെ എച്ച്ഡിഎസ് കമ്മിറ്റിയാണ്. എച്ച് ഡിഎസ് അത് വാങ്ങാന്‍ കൂട്ടാക്കാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം, മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ രംഗത്തെത്തി. ഉപകരണക്ഷാമത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികൾ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും ഡോ. ഹാരിസ് ആരോപിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറക്കൽ ഉയർത്തിയ ആരോപണങ്ങൾ വലിയ ചർച്ചയായിരുന്നു. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കൽ പറഞ്ഞത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ. ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറഞ്ഞിരുന്നു.
Post a Comment