മഴയില്‍ വീട് തകര്‍ന്ന സംഭവം: കല്യാണിയമ്മയെ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു


പാലക്കാട്: പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറയില്‍ മഴയെ തുടർന്ന് വീട് തകര്‍ന്ന കല്യാണിയമ്മയെ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. റവന്യു മന്ത്രി കെ രാജന്‍ കല്യാണിയമ്മയുടെ ദുരവസ്ഥയില്‍ ഇടപെടുകയായിരുന്നു. കല്യാണിയമ്മയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അതിന് പിന്നാലെയാണ് പാലക്കാട് തഹസില്‍ദാര്‍ ഉള്‍പ്പെടെയുളള റവന്യു അധികൃതര്‍ അവരെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. കല്യാണിയമ്മയെ താല്‍ക്കാലികമായി മകളുടെ വീട്ടിലേക്ക് മാറ്റി. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈമാറും.വീട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വീട് പൂര്‍ണമായും തകര്‍ന്നുവീണു എന്ന റിപ്പോര്‍ട്ട് തന്നെയായിരിക്കും കൊടുക്കുകയെന്നും തഹസില്‍ദാര്‍ അറിയിച്ചു. 'കുറേക്കാലമായി ഒറ്റയ്ക്ക് താമസിക്കുന്നയാളാണ്. അവരുടെ മരുന്നടക്കം എല്ലാം തകര്‍ന്നുവീണ വീടിനകത്താണുളളത്. അതിനാല്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കും. പരമാവധി ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കും'- അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കല്യാണിയമ്മ തൊട്ടടുത്ത് തന്നെയുള്ള മകളുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് വീട് തകർന്നുവീണത്. വീടിന് മുന്നിൽ സംസാരിക്കാൻ കഴിയാതെ കണ്ണ് നിറഞ്ഞ് നിൽക്കുന്ന കല്യാണിയമ്മയുടെ ദൃശ്യങ്ങൾ റിപ്പോർട്ടർ ടി വിയിലൂടെ കേരളം കണ്ടിരുന്നു. മരുന്നും വസ്ത്രങ്ങളുമെല്ലാം വീടിനകത്തായിരുന്നു. മറ്റൊരു വീടിന് പഞ്ചായത്തിനോട് അപേക്ഷിച്ചിരുന്നെങ്കിലും സമയമായിട്ടില്ല എന്നായിരുന്നു മറുപടി എന്ന് കല്യാണിയമ്മയുടെ മകൾ ആരോപിച്ചിരുന്നു.



Post a Comment

Previous Post Next Post

AD01