മെഡിക്കൽ കോളേജ് അപകടം; 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ'വഴി ബിന്ദുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം; ചാണ്ടി ഉമ്മൻ


കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ' വഴിയാണ് സഹായം നൽകുക. വീടുപണിപൂർത്തിയാക്കാനുള്ള പണമാണിതെന്നും തന്റെ പിതാവുണ്ടായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവോ അതിനു തുല്യമായാണിത് ചെയ്യുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ബിന്ദുവിന്റെ ചിത കത്തിത്തീരുന്നതിനു മുമ്പെങ്കിലും സർക്കാർ ദയ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിന്ദുവിന്റെ വീട്ടിലെത്തി ബന്ദുക്കളെ കണ്ടശേഷം സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെയ്ക്കണമെന്ന് നേരത്തെ ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എന്‍ വാസവന്റെ ഉത്തരവാദിത്തവും കുറച്ചുകാണാനാകില്ല. അപകടം നടക്കുമ്പോള്‍ കോട്ടയം ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി മരിച്ച ബിന്ദുവിന്റെ വീട്ടിലേക്ക് പോയില്ലെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചിരുന്നു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി ഉന്നയിച്ചത്. തകർന്നുവീണ 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.



Post a Comment

Previous Post Next Post

AD01