ഇളനീർ ജ്യൂസിലും ശ്രദ്ധ വേണം ; ഇരിട്ടിയിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്ച പഴക്കമുള്ള ഇളനീർ ആരോഗ്യ വിഭാഗം പിടികൂടി


ഇരിട്ടി: മായമില്ലെന്നും ശുദ്ധപാനീയമെന്നും കണ്ണടച്ച് വിശ്വസിച്ച് രോഗികൾക്കു വരെ നൽകുന്ന ഇളനീർ ജ്യൂസും ഇനി ശ്രദ്ധിച്ചേ കഴിക്കാൻ പറ്റൂ. ഇരിട്ടിക്കടുത്ത് കീഴൂരിൽ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച ഒരാഴ്‌ച പഴക്കമുള്ള ഇളനീർ ശേഖരം ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചതോടെയാണ് ഇളനീർ ജ്യൂസിലും കരുതൽ വേണമെന്ന പുതിയ മുന്നറിയിപ്പിലേക്ക് കാര്യങ്ങൾ കടക്കുന്നത്. കടകളിൽനിന്ന് ഒരു ശുദ്ധപാനീയവും കണ്ണടച്ചു കഴിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. യാതൊരു മായവുമില്ലെന്ന ചിന്തയിൽ ക്ഷീണം മാറ്റാൻ കഴിക്കുന്ന ഇളനീർ ജ്യൂസും കഴിച്ചാൽ പണി കിട്ടുമെന്നും ഇന്നലത്തെ സംഭവം തെളിയിച്ചിരി ക്കുകയാണ്. ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം ഇരിട്ടി കീഴൂർ ടൗണിലെ ത്രീസ്റ്റാർ ഫ്രൂട്ട്സ് സ്റ്റേഷനറി ആൻഡ് കൂൾബാറിൽ നടത്തിയ പരിശോധനയിലാണ് ഫ്രീസറിൽ നിന്ന് വലിയ ബക്കറ്റ് നിറയെ ജ്യൂസ് നിർമ്മിക്കാനായി സൂക്ഷിച്ച പഴകിയ ഇളനീർ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇതോടൊപ്പം പഴകിയ അനാറും മുന്തിരിയും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും പിടിച്ചെടുത്തു. മഞ്ഞപ്പിത്തം ഉൾപ്പെടെ പടർന്ന് പിടിപെടുന്ന ഈ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ഹോട്ടലുകളിലും കൂൾബാറുകളിലും വെള്ളം പരിശോധിച്ച റിപ്പോർട്ടും ഹെൽത്ത് കാർഡ് ഉൾപ്പെടെ ലഭിച്ച സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ആളുകൾ ഭക്ഷണങ്ങൾ കഴിക്കാവൂ എന്നും, ഇത്തരം മാനദണ്ഡങ്ങൾ പാലിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുവാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു. കടയുടമക്കെതിരെ 3000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഹോട്ടലുകളിലും കുൾബാറുകളിലും ഉൾപ്പെടെ പരിശോധന ശക്തമാക്കുമെന്ന് ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.



Post a Comment

Previous Post Next Post

AD01