സംവിധായകൻ വിഘ്‌നേഷ് ശിവനും പങ്കാളിയും നടിയുമായ നയൻതാരക്കുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുന്നു. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ റോം കോം സിനിമയുടെ നൃത്ത സംവിധായകനായി പോക്സോ കേസ് പ്രതിയായ ജാനി മാസ്റ്റർ പ്രവർത്തിക്കുന്നതിലാണ് വിമർശനം. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു. ഇപ്പോൾ ജാമ്യത്തിലിറങ്ങിയ പ്രതിയെയാണ് വിഘ്‌നേശ് ശിവന്‍റെ ‘ലൗ ഇൻഷുറൻസ് കമ്പനി’യെന്ന സിനിമയിൽ കൊറിയോഗ്രാഫി ചെയ്യാനായി നിയോഗിച്ചത്. പോക്‌സോയിൽ അറസ്റ്റിലായതോടെ ജെനി മാസ്റ്റർക്ക് നല്കാനിരുന്ന ദേശീയ ചലച്ചിത്ര പുരസ്കാരമടക്കം റദ്ദാക്കിയിരുന്നു. ജാനി മാസ്റ്റർ തന്നെയാണ് വിഘ്‌നേശ് ശിവനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘എന്നോടുള്ള കരുതലിനും സ്നേഹത്തിനും സന്തോഷത്തിനും നന്ദി’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ ‘സ്വീറ്റ് മാസ്റ്റര്‍ ജി’ എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു. ഇതോടെ ഗായിക ചിന്മയി ഉൾപ്പടെയുള്ള പ്രമുഖരായ വ്യക്തികളും സിനിമ പ്രേമികളും കടുത്ത വിമർശനവുമായി രംഗത്തെത്തി.
‘ഒരു ജനത എന്ന നിലയിൽ നമ്മൾ ‘കഴിവുള്ള’ കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു’ എന്നാണ് ചിന്മയി കുറിച്ചത്. ഇത്തരം അവസരങ്ങൾ അയാൾ കൂടുതൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുമെന്നും അവർ എഴുതി. ‘വിഘ്നേഷ് ശിവനോടുള്ള ബഹുമാനം ആളുകൾക്ക് നഷ്ടപ്പെടാൻ ഒരു കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോൾ അത് ജാനി മാസ്റ്ററായി’ – എന്നാണ് മറ്റൊരാൾ കുറിച്ചത്. വിഷയത്തിൽ ഇതുവരെ നയന്‍താരയോ വിഘ്നേഷോ പ്രതികരിച്ചിട്ടില്ല.
Post a Comment