തൃശ്ശൂരിലും വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കൽ; സംഭവം അന്നമനട വിവേകോദയം വിദ്യാമന്ദിർ സെക്കൻ്ററി സ്കൂളിൽ


തൃശ്ശൂരിലും വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കൽ. അന്നമനട വിവേകോദയം വിദ്യാമന്ദിർ സെക്കൻ്ററി സ്കൂളിൽ ആണ് സംഭവം നടന്നത്. ജൂലൈ പത്താം തീയതിയാണ് സംഭവം നടന്നത്. കാൽ കഴുകിയശേഷം വിദ്യാർത്ഥികൾ കാലിൽ തൊട്ടുവണങ്ങുന്ന വീഡിയോയും ആണിപ്പോൾ പ്രചരിക്കുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തുവന്നു.

ആലപ്പു‍ഴയിലും കാസർഗോഡും കണ്ണൂരും അടക്കം നിരവധി ജില്ലകളിലെ സ്കൂളുകളിൽ കാൽ ക‍ഴുകിക്കൽ ചടങ്ങ് നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. അതേസമയം, വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.

ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസ്സിൽ ഉള്ള സ്കൂളുകൾ ആണെങ്കിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01