തലശ്ശേരി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് വായ്പാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കും




 തലശ്ശേരി മണ്ഡലത്തിലെ മഞ്ഞോടിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്നും വായ്പ എടുക്കുന്നതിന് അനുമതി നിഷേധിച്ച നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കും. ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.  നഗരസഭാ ഭരണസമിതി തീരുമാനത്തിന്റെയും വായ്പാനുമതി സംബന്ധിച്ച കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിച്ചതെന്നും എണ്‍പത് ശതമാനത്തിലധികം പണി ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും നഗരസഭാധികൃതര്‍ അറിയിച്ചു. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ് വായ്പാനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുല്ല, ഐ.എ.എസ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍ പി. സി. ബാലഗോപാല്‍, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജമുനാറാണി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01