‘ഞങ്ങളെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്’; ഇ.ഡിയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം


ദില്ലി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ രാഷ്ട്രീയ എതിരാളികൾക്കെതിരായ ആയുധമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്ക് വീണ്ടും കോടതിയിൽനിന്ന് കനത്ത തിരിച്ചടി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി സിദ്ധരാമയ്യയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. ഇ.ഡിയ്ക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി നടത്തിയത്. “വോട്ടർമാർ രാഷ്ട്രീയമായി ഏറ്റുമുട്ടിക്കോട്ടെ… എന്തിനാണ് നിങ്ങളെ(ഇ.ഡി) അതിന് ഉപയോഗിക്കുന്നത്?” എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസിൽ സുപ്രീം കോടതി, ഹൈക്കോടതിയുടെ തീരുമാനം ശരിവയ്ക്കുകയും ഇഡിയുടെ നടപടികൾക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. “ഞങ്ങളെ എന്തെങ്കിലും പറയാൻ നിർബന്ധിക്കരുത്… ഇഡിയെക്കുറിച്ച് ഞങ്ങൾക്ക് പരുഷമായി എന്തെങ്കിലും പറയേണ്ടിവരും” എന്ന് പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് കടുത്ത ഭാഷയിൽ താക്കീത് നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതി, മൈസൂരു നഗര വികസന അതോറിറ്റി (മുഡ) അനുവദിച്ച വിവാദപരമായ 14 പ്ലോട്ടുകൾ തിരികെ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. “ഭർത്താവിന്റെ അന്തസ് സ്വത്തിനേക്കാളും സമ്പത്തിനേക്കാളും പ്രധാനമാണ്” എന്ന് അവർ പറഞ്ഞു. മൈസൂരിലെ വിജയനഗർ ഫേസ് 3, 4 എന്നിവയിലെ വ്യത്യസ്ത വലുപ്പത്തിലുള്ള 14 പ്ലോട്ടുകൾ തിരികെ നൽകുന്നതായി മുഖ്യമന്ത്രിയുടെ ഭാര്യ മുഡാ കമ്മീഷണർക്ക് അയച്ച കത്തിലാണ് വിശദീകരിച്ചത്. കേസരെ ഗ്രാമത്തിലെ നിയമവിരുദ്ധമായി കൈയേറിയ 3 ഏക്കറോളം ഭൂമിക്ക് നഷ്ടപരിഹാരമായി ഇവ നൽകി. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽനിന്ന് ഇ.ഡിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കണ്ണിൽ കാണുന്നതെല്ലാം അന്വേഷിക്കുന്ന സൂപ്പർ പൊലീസ് അല്ല ഇ.ഡി എന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. ചെന്നൈ ആസ്ഥാനമായുള്ള ആർ.കെ.എം പവർ ജെൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ 901 കോടി രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ച ഇ.ഡി നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ. അനധികൃത പണമിടപാട് നിയമം അനുസരിച്ചുള്ള കുറ്റകൃത്യത്തിലും, അതുവഴി സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും തെളിഞ്ഞാൽ മാത്രമെ ഇ.ഡിയ്ക്ക് ഇടപെടാനാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.



Post a Comment

Previous Post Next Post

AD01